KeralaNEWS

നിലയ്ക്കല്‍ പാര്‍ക്കിംഗ്: പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കരാറുകാരനെ പുറത്താക്കി

കൊച്ചി: ശബരിമല നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് കരാറുകാരനെ പുറത്താക്കി പാര്‍ക്കിംഗ് ഫീസ് പിരിവ് ഏറ്റെടുത്തെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു. കരാറുകാരന്‍ അടച്ച തുക, ഇടപാടുകളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ തുടങ്ങിയവ വ്യക്തമാക്കി ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ രണ്ടു ദിവസത്തിനകം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും.

നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ ലേലത്തുകയുടെ ബാക്കി ആവശ്യപ്പെട്ട് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ നോട്ടീസ് നല്‍കിയതിനെതിരെ കരാറുകാരന്‍ കൊല്ലം ശൂരനാടു സ്വദേശി കെ. സജീവന്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി പരിഗണിച്ചിരുന്നു. ലേലത്തുകയുടെ ബാക്കി തുകയ്ക്ക് ബാങ്ക് ഗാരന്റി നല്‍കാതെയാണ് കരാര്‍ എടുത്തതെന്ന വിവരം മറച്ചുവച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതെന്ന് ഡിവിഷന്‍ ബെഞ്ച് പിന്നീടു കണ്ടെത്തി.

Signature-ad

ലേലത്തുകയുടെ ബാക്കി, പലിശ, ബാങ്ക് ഗാരന്റി എന്നിവ നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കരാറുകാരനെതിരെ നടപടിയെടുക്കുന്നതില്‍ ദേവസ്വം കമ്മിഷണറും എക്‌സിക്യുട്ടീവ് ഓഫീസറും ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു. നടപടിയെടുത്ത് അറിയിക്കാനും നിര്‍ദ്ദേശിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് കരാറുകാരനെ പുറത്താക്കിയത്. ലേലത്തുകയുടെ ബാക്കിയും പലിശയും ചേര്‍ത്ത് 1.32 കോടി രൂപയുടെ കുടിശികയാണ് കരാറുകാരന്‍ വരുത്തിയതെന്ന് ബോര്‍ഡ് കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിരുന്നു.

 

Back to top button
error: