കൊച്ചി: ആമയെപ്പോലെ തല ഉള്ളിലിട്ടിരുപ്പാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റെന്ന് നേതൃ യോഗത്തിൽ രൂക്ഷവിമര്‍ശനം; പ്രസിഡന്റ് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് ഷാഫി പറമ്പിൽ. ഇന്നലെ ചേർന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയിലാണ് പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷവിമര്‍ശനം ഉണർന്നത്. എറണാകുളം ഡി.സി.സിയില്‍ ചേര്‍ന്ന കമ്മിറ്റിയിലാണ് ഷാഫിയുടെ സമീപകാലപ്രവര്‍ത്തനങ്ങളില്‍ ഭൂരിപക്ഷം അംഗങ്ങളും അതൃപ്തി പ്രകടിപ്പിച്ചത്.
ഇടതു ഭരണം ജനം മടുത്തുവെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ആര് മുഖ്യമന്ത്രിയാകണം എന്ന ചക്കളത്തി പോരാട്ടത്തിലാണ്. ഇത് പ്രവര്‍ത്തകരോടുള്ള വെല്ലുവിളിയാണെന്ന് ഒരു ഭാരവാഹി തുറന്നടിച്ചു. ആമയെ പോലെ തല ഉള്ളിലിട്ടിരുപ്പാണ് സംസ്ഥാന പ്രസിഡന്റെന്ന ഒരു സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. രണ്ട് സംസ്ഥാന ഭാരവാഹികളുടെ സംസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടും അതിന് തയ്യാറാകാതിരുന്ന ഷാഫിയുടെ നിലപാടിനെതിരെ യോഗത്തില്‍ കടുത്ത വാക്കേറ്റമുണ്ടായി. കയ്യാങ്കളിയോളമെത്തിയെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തരാക്കി.
ശശി തരൂരിന്റെ ജനപിന്തുണ അംഗീകരിച്ചേ തീരുവെന്ന് സംസ്ഥാന നേതാക്കള്‍ നിലപാടെടുത്തു. പല ഡി.സി.സി പ്രസിഡന്റുമാരും യൂത്ത് കോണ്‍ഗ്രസ് പരിപാടികളില്‍ അനാവശ്യ കൈകടത്തല്‍ നടത്തുകയാണെന്ന് ഒന്നിലേറെ ജില്ലകളില്‍ നിന്നുള്ള ഭാരവാഹികള്‍ പരാതിപ്പെട്ടു. തരൂരിന് പരമാവധി വേദി നല്‍കണമെന്നും തരൂരിന്റെ ജനപിന്തുണയും സ്വാധീനവും പാര്‍ട്ടി പ്രയോജനപ്പെടുത്തണമെന്നും ഭൂരിപക്ഷം ഭാരവാഹികളും നിലപാടെടുത്തു.