കാസര്‍കോട്: പെരുമ്പള ബേനൂരിൽ കോളജ് വിദ്യാർഥിനി കെ. അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം അകത്തു ചെന്നാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധ മൂലമല്ലെന്നും മറ്റു വിഷാംശം അകത്തു ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പൊലീസിനോട് സൂചിപ്പിച്ചു. അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
മാനസികസമ്മര്‍ദം കാരണം ജീവനൊടുക്കുന്നു എന്നാണ് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുള്ളത്. പക്ഷേ ഇതുസംബന്ധിച്ച കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. അതിനിടെ, അഞ്ജുശ്രീയുടെ മൊബൈല്‍ഫോണില്‍ വിഷത്തിന്റെ ഉപയോഗങ്ങൾ തെരഞ്ഞതിന്റെ വിവരങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പെരുമ്പള ബേനൂർ ശ്രീനിലയത്തിൽ പരേതനായ എ.കുമാരൻ നായരുടെയും കെ.അംബികയുടെയും മകളായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി ഏഴാം തീയതി ശനിയാഴ്ച പുലർച്ചെ അഞ്ചര മണിയോടെയാണ് മരിച്ചത്. ഡിസംബര്‍ 31ന് കുഴിമന്തി കഴിച്ചശേഷം പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതോടെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
31ന് ഹോട്ടലിൽനിന്ന് ഓൺലൈനായി ഓർഡർ ചെയ്തുവരുത്തിയ ഭക്ഷണം കഴിച്ചശേഷമായിരുന്നു മരണമെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയും തുടർന്നു ഹോട്ടൽ ഉടമയെയും 2 ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വിദ്യാർഥിനിയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നു തിരിച്ചറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും ഹോട്ടൽ അടപ്പിച്ചു ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവ.കോളജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അഞ്ജുശ്രീ.
സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും അന്വേഷണം ആരംഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണം ഭക്ഷ്യവിഷബാധ കാരണമല്ലെന്ന് ശനിയാഴ്ച തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംഭവം ആത്മഹത്യയാണെന്നും വിഷം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചതെന്നുമുള്ള സൂചനകള്‍ പോലീസിന് ലഭിച്ചത്. സംഭവത്തില്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനഫലം കൂടി ലഭിക്കാനുള്ളതിനാല്‍ ഇതിനുശേഷമാകും പോലീസ് കൂടുതല്‍വിവരങ്ങള്‍ പുറത്തുവിടുക.
ഇതിനിടെ അഞ്ജുശ്രീയുടെ മരണം സമഗ്രമായി അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. കൂടെ ഭക്ഷണം കഴിച്ച മറ്റ് രണ്ടുപേർക്കും അസ്വസ്ഥതകൾ ഉണ്ടായി. ഭക്ഷ്യവിഷബാധയല്ലെന്ന് പറയുമ്പോൾ മറ്റുള്ളവർക്ക് എങ്ങനെ അസ്വസ്ഥതയുണ്ടായി…? ഇക്കാര്യങ്ങളും സമഗ്രമായി അന്വേഷിക്കണം, കുടുംബം ആവശ്യപ്പെട്ടു.