തിരുവനന്തപുരം: പക്ഷിപ്പനിയില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരികയാണ്. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കണം. ആരോഗ്യവകുപ്പും, മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.
രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം അഴൂര്‍ പഞ്ചായത്തില്‍ നാളെ മുതല്‍ പക്ഷികളെ കൊന്നു തുടങ്ങും.അഴൂര്‍ പെരുങ്ങുഴി ജങ്ഷനു സമീപത്തെ കെജിഎഫ് ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡ്, പഞ്ചായത്ത് ഓഫീസ്, കൃഷ്ണപുരം, അക്കരവിള, നാലുമുക്ക്, കൊട്ടാരം തുരുത്ത് എന്നീ വാര്‍ഡുകളിലെ കോഴിയും താറാവുമുള്‍പ്പെടെയുള്ള വളര്‍ത്തുപക്ഷികളെ കൊല്ലും. ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം, തീറ്റ എന്നിവയും കത്തിക്കും.
ഒരു കിലോമീറ്ററിനു ചുറ്റുമുള്ള ഒന്‍പത് കിലോമീറ്ററില്‍ ഉള്‍പ്പെടുന്ന കിഴുവിലം, കടയ്ക്കാവൂര്‍, കീഴാറ്റിങ്ങല്‍ ചിറയിന്‍കീഴ്, മംഗലപുരം, അണ്ടൂര്‍കോണം, പോത്തന്‍കോട് എന്നീ ഗ്രാമപ്പഞ്ചായത്തുകളും തിരുവനന്തപുരം കോര്‍പ്പറേഷനിലെ കഴക്കൂട്ടം, ആറ്റിപ്ര വാര്‍ഡിലെ ആറ്റിന്‍കുഴി പ്രദേശം എന്നീ മേഖലകളില്‍നിന്നും തിരിച്ചുമുള്ള കോഴി, താറാവ്, വളര്‍ത്തുപക്ഷികള്‍ എന്നിവയുടെ കൈമാറ്റം നിരോധിച്ചിട്ടുണ്ട്.
ആലപ്പുഴ നഗരസഭ എട്ടാം വാര്‍ഡ് തിരുമല രത്‌നാലയത്തില്‍ ശിവദാസന്റെ വളര്‍ത്തുകോഴികള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. തുടര്‍ന്ന് തിരുമല വാര്‍ഡും സമീപത്തെ പള്ളാത്തുരുത്തി വാര്‍ഡും ഉള്‍പ്പെടുന്ന ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തുന്ന പക്ഷികളെ പിടികൂടി കൊന്ന് കത്തിച്ചു.കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും കൊന്ന് മറവുചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.