ചങ്ങനാശേരി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ വീണ്ടും പുകഴ്ത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തരൂരിനുമേല്‍ പ്രശംസ ചൊരിഞ്ഞത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കുമെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.
ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ യോഗ്യനായ വ്യക്തിയാണ് ശശി തരൂരെന്ന് സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടു. പക്ഷെ കൂടെനില്ക്കുന്നവര് അതിന് സമ്മതിച്ചില്ലെങ്കില്‍ എന്തുചെയ്യാനാകും. അധോഗതി എന്നല്ലാതെ വല്ലതും പറയാനുണ്ടോ ? തരൂരിന്റെ പ്രവര്‍ത്തനവും അറിവും ലോകപരിചയവും ശരിക്ക് മനസിലാക്കാന്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു വിശ്വപൗരനായ കേരളീയനാണെന്ന് ബോധ്യമായി. ഇത്രയും അറിവുള്ള ഒരു മനുഷ്യന് ആരുണ്ടെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് പ്രതിപക്ഷമുണ്ടോ ? എന്ന ചോദ്യമുന്നയിച്ചാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. ഇരിക്കാന്‍ പറയുമ്പേള്‍ കിടക്കരുതെന്ന് പറയുന്നു.
ഇത്രയും സംസ്കാരശൂന്യമായ പദപ്രയോഗം ഇവിടെ സാധാരണ ആരാണ് നടത്താറുള്ളത്. അതാരും ചര്‍ച്ചചെയ്യുന്നില്ല. ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കരുതെന്ന് പറയുന്നത് അശ്ലീലമാണ്. ആ പ്രയോഗം നടത്തിയതിനാണ് ആ മനുഷ്യനോട് വിരോധം. രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവന്നതിന് പിന്നാലെ ചെന്നിത്തല എന്താണ് പറഞ്ഞത് ? എന്നെ ആരും ജാതീയമായി പ്ലാന്റ് ചെയ്യേണ്ടെന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞതിനോട് എനിക്ക് ഒരു വിരോധവുമില്ല. പക്ഷെ യുഡിഎഫ് സര്‍ക്കാരിന് ഭരണം പോയത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ്. ഉമ്മന്‍ചാണ്ടി ആയിരുന്നുവെങ്കില്‍ അത്രവലിയ തോല്‍വി നേരിടേണ്ടി വരില്ലായിരുന്നു. ജനങ്ങള്‍ക്കുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടു. ന്യൂനപക്ഷത്തിനാണ് ആശയക്കുഴപ്പമുണ്ടായത്. ന്യൂനപക്ഷ വിഭാഗം കോണ്‍ഗ്രസിന് ഒപ്പമാണല്ലോ എപ്പോഴും നിന്നിരുന്നതെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി.
സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ ഇരുന്നാല്‍ മതി, കിടക്കേണ്ടതില്ല എന്ന വി.ഡി സതീശന്റെ പരാമര്‍ശമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഒരു സമുദായത്തെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും സമുദായങ്ങളുടെ കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു പരാമര്‍ശം.