കമ്യൂണിസ്റ്റ് ആശയങ്ങളെ നെഞ്ചോടു ചേർത്ത് ജീവിച്ച സഖാവ് നെട്ടൂരാന്റെ കഥ, ‘ലാൽ സലാം’ അഭ്രപാളികളിലെത്തിയിട്ട് 33 വർഷം
സിനിമ ഓർമ്മ
‘ബീഡിയുണ്ടോ സഖാവേ, തീപ്പെട്ടിയെടുക്കാൻ’ കേരളക്കരയാകെ അലയടിച്ചിട്ട് 33 വർഷം. 1990 ജനുവരി ഏഴിനായിരുന്നു സഖാവ് നെട്ടൂരാന്റെ കഥ ‘ലാൽ സലാം’ അഭ്രപാളികളെത്തിയത്. വേണു നാഗവള്ളി സംവിധാനം ചെയ്‌ത ചിത്രങ്ങളിൽ അഭൂതപൂർവമായ വിജയം നേടിയ ‘ലാൽ സലാ’മിൻ്റെ കഥ ചെറിയാൻ കൽപ്പകവാടിയുടേതാണ്. വേണു നാഗവള്ളി തിരക്കഥയെഴുതി. കെആർജി നിർമ്മാണം.
കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന വർഗീസ് വൈദ്യൻ, ടിവി തോമസ്, ഗൗരിയമ്മ (യഥാക്രമം മോഹൻലാൽ, മുരളി, ഗീത) എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ. ആദർശവും പ്രായോഗികതയും തമ്മിലും വ്യക്തിജീവിതവും സാമൂഹ്യ ജീവിതവും തമ്മിലും ഉള്ള സംഘർഷങ്ങൾ ആണ് പ്രമേയം. ഗർഭിണിയായ ഭാര്യയെ ചികിൽസിക്കാൻ പണമില്ലാതെ വരുമ്പോൾ സഖാവിന് സഹായ ഹസ്‌തം നീട്ടുന്നത് പുരോഹിതൻ, ആദർശ ധീരനായ നേതാവിന് അവിഹിതബന്ധത്തിൽ കുട്ടി, ഇമേജ് നഷ്ടപ്പെടുമെന്ന സന്ദേഹത്തിൽ പരസ്യമായി അത് നിഷേധിക്കുന്നു, തുടങ്ങിയ തീവ്രമായ കഥാസന്ദർഭങ്ങൾ നിറഞ്ഞതായിരുന്നു ചിത്രം.
ഒപ്പം, കാൾ മാർക്സിന്റെ ഫോട്ടോ സാക്ഷിയാക്കിയുള്ള കല്യാണം, പള്ളിയിൽ വിളിച്ചു ചൊല്ലാതെയുള്ള വിവാഹം തുടങ്ങി വിപ്ലവ നിലപാടുകളും ചിത്രം പങ്കുവച്ചു. ഫ്ലാഷ്ബ്ലാക്കുകളുടെയും, നേരിട്ടുള്ള ആഖ്യാനങ്ങളുടെയും, സമാന്തര സംഭവങ്ങൾ ഇടവിട്ട് കാട്ടുന്നതിന്റെയും ഒരു കൂട്ടായിരുന്നു ‘ലാൽ സലാം’ എന്ന സിനിമ.
‘എന്ത് കമ്യൂണിസം പറഞ്ഞാലും പെണ്ണുമ്പിള്ളയെയും കുഞ്ഞിനേയും നോക്കാതെ ഈങ്ക്വിലാബ് വിളിക്കുന്നതിനോട് യോജിപ്പില്ലെ’ന്ന് ജഗതിയുടെ കഥാപാത്രം. പാർട്ടി സഖാവ് ബിസിനസിൽ ഇറങ്ങുന്നത് സംബന്ധിച്ച്, ‘നെട്ടൂരാന്റെ മുതലാളിത്തത്തിലേയ്ക്കുള്ള വളർച്ചയാണ് പാർട്ടിക്കാരുടെ പ്രശ്‍നം; നെട്ടൂരാൻ പാർട്ടിയുടെ വളർച്ചയ്ക്ക് വേണ്ടി ചെയ്‌തത് പാർട്ടിക്കാർ മറന്നു പോയി’ എന്ന അർത്ഥത്തിൽ ഒരു ഡയലോഗ് കരമനയുടെ പാർട്ടി നേതാവിന്റെ വകയായും ഉണ്ടായിരുന്നു.
മുതലാളിത്തത്തിനും കമ്യൂണിസത്തിനുമപ്പുറം മേലെ നില കൊള്ളുന്ന ‘അത്ര മേൽ സ്നേഹിച്ച രണ്ട് മനുഷ്യാത്മാക്കളുടെ’ കഥയായിരുന്നു ‘ലാൽ സലാം.’
സമ്പാദകൻ: സുനിൽ കെ ചെറിയാൻ