കാസര്‍ഗോഡ്: സംസ്ഥാനത്ത് ഭക്ഷവിഷബാധയേറ്റ് വീണ്ടും മരണം. ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ച കാസര്‍ഗോഡ് തക്ലായി സ്വദേശി അഞ്ജുശ്രീ പാര്‍വതി(19)യാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം.
പുതുവത്സര ദിനത്തില്‍ കുഴിമന്തി വാങ്ങി കഴിച്ചതിന് ശേഷമാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. കാസര്‍ഗോഡ് തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചു. പിന്നീട് നില ഗുരുതരമായതിനെത്തുടര്‍ന്നാണ് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.
സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് രണ്ടാമത്തെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ചത്. ഈ സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു.