കൊല്ലം: ആളൊഴിഞ്ഞ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. യുവതിയെ പ്രതി നാസുവെന്ന നസീം ശ്വാസംമുട്ടിച്ച് കൊന്നതാണെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ില്‍ പറയുന്നു. കഴിഞ്ഞ 29-ന് 3.30-ന് കൊല്ലം ബീച്ചില്‍വെച്ചാണ് കൊല്ലപ്പെട്ട യുവതിയും പ്രതിയായ അഞ്ചല്‍ വയലാ ലക്ഷംവീട് കോളനിയില്‍ നാസു(24)വും പരിചയപ്പെടുന്നത്.
സൗഹൃദം സ്ഥാപിച്ചശേഷം പ്രതി യുവതിയെ ചെമ്മാന്‍മുക്ക് ഭാരതരാജ്ഞി പള്ളിക്ക് എതിര്‍വശത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ക്വാര്‍ട്ടേഴ്സിന്റെ പിന്‍വശത്ത് കതകില്ലാത്ത ജനലിലൂടെ കെട്ടിടത്തിനുള്ളില്‍ കയറി തുടര്‍ച്ചയായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതോടെയാണ് യുവതി നിലവിളിച്ചത്. രാത്രി 8.30-ഓടെയാണ് കൊലപാതകം. മരിച്ചെന്ന് ഉറപ്പായശേഷം ഇവരുടെ ബാഗില്‍നിന്ന് മൊബൈല്‍ ഫോണും പണവും ഇയാള്‍ കവര്‍ന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയത്. ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം നഗ്നമായ നിലയിലായിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ പ്രതിയുടെ കൈവശം കണ്ടെത്തിയിരുന്നെങ്കിലും കളഞ്ഞുകിട്ടിയതാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിട്ടയച്ചിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. പോക്സോ കേസിലും മോഷണക്കേസിലും പ്രതിയായ ഇയാള്‍ കടുത്ത രതിവൈകൃതങ്ങള്‍ക്ക് അടിമയാണ്.
ബീച്ചില്‍വച്ച് പരിചയപ്പെട്ട കേരളാപുരം സ്വദേശിനിയായ യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇതിനിടെ യുവതിക്ക് അപസ്മാരം വന്നതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നാണ് പ്രതി പോലീസിനോടു ആദ്യം പറഞ്ഞത്. യുവതിയുടെ ശരീരത്തില്‍ ബ്ലേഡുപയോഗിച്ചു മുറിവുണ്ടാക്കിയതായും ഇയാള്‍ മൊഴി നല്‍കിയിരുന്നു.