കോഴിക്കോട്: ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല ജേതാക്കളായി. ഇന്നലെ നടന്ന അവസാനമത്സരത്തില്‍ എം.ജി സര്‍വകലാശാലയുമായി 2-2 എന്ന സ്‌കോറിന് സമനില പാലിച്ചത്തോടെയാണ് മൂന്നു കളികളില്‍ ഏഴു പോയിന്റുമായി കാലിക്കറ്റ് ജേതാക്കളായത്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഏകപക്ഷീയമായ 4 ഗോളുകള്‍ക്ക് കേരള സര്‍വകലാശാലയെ പരാജയപ്പെടുത്തി 4 പോയിന്റ്‌റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ആകാശ് രവി (44,48 മിനുട്ടുകളില്‍ )കണ്ണൂരിനായി രണ്ടു ഗോളുകളും സഫാദ് 47 മിനുട്ടിലും മുഷറഫ് 80 ാം മിനുട്ടിലും ഗോളുകള്‍ നേടി. കേരള സര്‍വകലാശാല ആണ് നാലാം സ്ഥാനം. കാലിക്കറ്റ് – എം. ജി മത്സരത്തില്‍ ആദ്യപകുതിയുടെ 18 മിനുട്ടില്‍ കാലിക്കറ്റിനെ ഞെട്ടിച്ച് എം. ജിയുടെ 12 നമ്പര്‍ താരം നിംഷാദ് റോഷന്‍ ആണ് ആദ്യ ഗോള്‍ നേടിയത്. നിറം മങ്ങിയ കാലിക്കറ്റിന്റെ വലയില്‍ രണ്ടാം ഗോളും എത്തി.പ്രതിരോധ നിരയുടെ മുകളിലൂടെ കടന്നെത്തിയ പന്ത് എടുത്ത് അദ്‌നാന്‍ 47 ാം മിനുട്ടില്‍ രണ്ടാം ഗോള്‍ കരസ്ഥമാക്കിയത്. രണ്ടാം പകുതിയില്‍ ഗോള്‍ കീപ്പറേയും രണ്ടു കളിക്കാരെയും കോച്ച് സതീവന്‍ ബാലന്‍ മാറ്റി ഇറക്കിയതിന് ഉടന്‍ തന്നെ ഫലം കണ്ടു.46 ാം മിനിട്ടില്‍ 9 ാം നമ്പര്‍ താരം ഷംനാദ് ആണ് കാലിക്കറ്റിന് ആയി ആദ്യ ഗോള്‍ നേടിയത്. തുടരേയുള്ള ആക്രമണത്തിലൂടെ 54 ാം മിനിട്ടില്‍ ഷംനാദിലൂടെ തന്നെ കാലിക്കറ്റ് സമനില ഗോള്‍ നേടി. അവസാന മിനുട്ടുകളില്‍ ഇരു ടീമുകളും വിജയത്തിനായി ആക്രമിച്ചു കളിച്ചെങ്കിലും കാലിക്കറ്റിന്റെ പ്രതിരോധ തന്ത്രം മത്സരം സമനിലയിലാക്കുകയും അതിലൂടെ കാലിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് കൈപിടിയില്‍ ഒതുക്കുകയും ചെയ്തു.
നാലു ടീമുകളും രാജസ്ഥാനില്‍ നടക്കുന്ന അഖിലേന്ത്യാ മത്സരത്തിന് യോഗ്യത നേടി. കാലിക്കറ്റ് സര്‍വകലാശായുടെ അക്ബര്‍ സിദ്ധിഖ് ചാമ്പ്യന്‍ഷിപ്പിലെ മികച്ച താരമായും കാലിക്കറ്റ് സര്‍വകാലയുടെ നിസാമുദ്ധീന്‍ ചാമ്പ്യന്‍ഷിപ്പിലെ മികച്ച സ്‌ട്രൈക്കര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോള്‍ കീപ്പര്‍ ആയി കണ്ണൂര്‍ സര്‍വകലാശാലയുടെ മുഹമ്മദ് ഇക്ബാലും മികച്ച പ്രതിരോധനിര താരമായി കേരള യൂണിവേഴ്‌സിറ്റിയുടെ ജേക്കബും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മധ്യനിര താരമായി എം. ജി. യൂണിവേഴ്‌സിറ്റിയുടെ നിധിന്‍ തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയരാജ് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.