തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് പൂര്‍ണമായി നടപ്പാക്കാനായില്ല. ഇന്ന് മുതല്‍ നടപ്പാക്കാനായിരുന്നു ശ്രമമെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ല. ശമ്പള സോഫ്റ്റുവെയറുമായി ഹാജര്‍ ബന്ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയായില്ല. പൂര്‍ണമായി നടപ്പിലാക്കാന്‍ ഒരു മാസമമെടുക്കുമെന്നാണ് സൂചന.
2023 ജനുവരി ഒന്നുമുതല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കര്‍ശന ഉത്തരവുണ്ടായിരുന്നു. രണ്ട് ദിവസം അവധിയായിരുന്നതിനാല്‍ ഇന്നു മുതല്‍ പഞ്ചിംഗ് നടപ്പിലാക്കാനായിരുന്നു ശ്രമം. ബയോമെട്രിക് പഞ്ചിംഗ് മെഷീനുകള്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനാണ് നിര്‍ദേശം. എല്ലാ ഓഫീസുകളിലും മെഷീന് വച്ചിട്ടുണ്ടെങ്കിലും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിരുന്നില്ല. മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ മാര്‍ച്ച് 31ന് മുന്‍പ് ബയോ മെട്രിക് പഞ്ചിംഗ് നടപ്പിലാക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ബയോ മെട്രിക് പഞ്ചിംഗ് ഇന്ന് തുടങ്ങാനായത് വിരലിലെണ്ണാവുന്ന ഓഫീസുകളില്‍ മാത്രമാണ്. എറണാകുളം കളക്ടറേറ്റില്‍ 16 ഡിവൈസുകളാണ് വേണ്ടിയിരുന്നത്. ഇവയുടെ ഇന്സ്റ്റലേഷന് പൂര്‍ത്തിയായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. തൃശൂര്‍ കളക്ടറേറ്റില്‍ ഇന്സ്റ്റലേഷന് ജോലികള്‍ പൂര്‍ത്തിയാവാന്‍ ചുരുങ്ങിയത് ഒരു മാസമെടുക്കുമെന്നാണ് വിശദീകരണം.
മലപ്പുറം കളക്ട്രേറ്റില്‍ പഞ്ചിംഗ് മെഷീന് ഇനിയും എത്തിച്ചിട്ടില്ല. ഈ മാസം 10 ഓടെ നടപടികള്‍ പൂര്‍ത്തിയാകും എന്നാണ് ഇവിടെ നിന്നുള്ള വിശദീകരണം. റവന്യൂ വകുപ്പിലെ 200 ഓളം ജീവനക്കാര്‍ക്ക് ആണ് അദ്യ ഘട്ടത്തില്‍ പഞ്ചിംഗ് നിലവില്‍ വരിക. വയനാട്ടിലും പഞ്ചിംഗ് നടപ്പായില്ല. മെഷീന് എത്തിയില്ലെന്നതാണ് ഇവിടെയും പ്രശ്നം. ഒരാഴ്ചക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകും എന്ന് വിശദീകരണം.