രാജകൊട്ടാരത്തില്‍ മാത്രം വളര്‍ത്തിയിരുന്ന പഴം, ഇതു കഴിച്ചാല്‍ പിന്നെ വിയര്പ്പിന് പോലും സുഗന്ധം; കെപ്പല്‍ പഴത്തിന്റെ വിശേഷങ്ങള്‍ അറിയാം
രാജകൊട്ടാരത്തില്‍ മാത്രം വളര്‍ത്തിയിരുന്ന പഴം, ഇതു കഴിച്ചാല്‍ പിന്നെ വിയര്പ്പിന് പോലും സുഗന്ധമായിരിക്കും. പ്രജകള്‍ ഈ പഴച്ചെടി വളര്‍ത്തിയാല്‍ ശിക്ഷ മരണം! ഇങ്ങനെയും ഒരു പഴമുണ്ടോ എന്നായിരിക്കും ചിന്ത. അതെ അങ്ങനെയും ഒരു പഴമുണ്ട്, അങ്ങ് ഇന്ത്യോനേഷ്യയിൽ, പേര് കെപ്പൽ! ഇപ്പോൾ കേരളത്തിലും സുലഭമാകുന്നു. ചീത്ത കൊളസേ്ട്രാള്‍ കുറയ്ക്കാനും മൂത്രത്തിന്റെ ദുര്‍ഗന്ധം മാറാനും വൃക്കരോഗത്തിനും ശരീരദുര്‍ഗന്ധം വായ്നാറ്റം എന്നിവ അകറ്റാനുമെല്ലാം ഉപകരിക്കുന്ന അത്ഭുത പഴമാണ് കെപ്പല്‍. കെപ്പല്‍ പഴത്തിന്റെ വിശേഷങ്ങള്‍ അറിയാം.
- ഇന്ത്യോനേഷ്യന്‍ സ്വദേശി
റംബുട്ടാന്, മാംഗോസ്റ്റീന്‍, ലിച്ചി തുടങ്ങിയവപ്പോലെ ഇന്ത്യോനേഷ്യന്‍ സ്വദേശിയാണ് കപ്പല്‍ പഴവും. ഇന്ത്യോനേഷ്യയിലെ ജാവയിലെ രാജകൊട്ടാരത്തിലാണ് പണ്ടു കാലത്ത് ഈ മരം വളര്‍ത്തിയിരുന്നത്. അക്കാലത്ത് കൊട്ടാര വളപ്പില്ലല്ലാതെ ഇതു വളര്‍ത്താന്‍ പാടില്ലായിരുന്നു. വളര്‍ത്തിയാല്‍ തലവെട്ടും. നിരവധി ഔഷധഗുണമുള്ള അതിന്റെ കായോ ഇലയോ പൂവോ പ്രജകള്‍ക്ക് ലഭ്യമാകരുതെന്ന് എന്നതാണ് കാരണം. കെപ്പല്‍ പഴം തുടര്‍ച്ചയായി കഴിച്ചാല്‍ ശരീരത്തില്‍നിന്ന് പ്രത്യേകതരം സുഗന്ധം പുറത്തുവരും. എന്നാല്‍ പിന്നീട് ജാവയിലെത്തിയെ വിദേശികള്‍ കൊട്ടാരത്തില്‍ നിന്ന് ഇതിന്റെ വിത്ത് സ്വന്തമാക്കി മറ്റു പല രാജ്യങ്ങളിലും നട്ടുവളര്‍ത്തി. സ്റ്റെല്‍ക്കോ കാര്‍പ്പസ് ബുറാഹോള്‍ എന്ന ശാസ്ത്ര നാമത്തിലുള്ള അനോണസിയേ കുടുംബത്തില്‍പ്പെട്ടതാണ് കെപ്പല്‍ പഴം.
- കേരളത്തിലും വളരും
റംബുട്ടാന്, മാംഗോസ്റ്റീന്‍ എന്നിവയൊക്കെപ്പോലെ നമ്മുടെ നാട്ടിലും കെപ്പല്‍ നല്ല പോലെ വളരും. കനത്തചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ് പ്രത്യേകം പറയേണ്ടതാണ്. വിത്തുകള്‍ മുളപൊട്ടാന്‍ ഏറെ സമയമെടുക്കുമെന്നാണ് മറ്റൊരു പ്രത്യേകത. മാത്രമല്ല, ഇതിന്റെ മുളയ്ക്കല്‍ ശേഷി വളരെ കുറഞ്ഞ തോതിലുമാണ്. നന്നായി മൂത്തു വിളഞ്ഞ കായകള്‍ പാകി മുളപ്പിച്ചാണ് കെപ്പല്‍ തൈകളുണ്ടാക്കുന്നത്. നന്നായി മൂത്ത കായകള്‍ ശേഖരിച്ചെടുത്ത് ഉടന്‍ തന്നെ പോളിത്തീന്‍ കവറുകളില്‍ നട്ട് മുളപ്പിച്ചെടുക്കണം. മുളച്ചു പൊന്തിയ തൈകള്‍ മൂന്ന്-നാലു മാസം പ്രായമാകുമ്പോള്‍ നന്നായി വെയില് കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളര്‍ത്തിയെടുക്കാം.
- പരിചരണം
ചെടി വളര്‍ന്നു തുടങ്ങുന്ന സമയത്ത് നല്ല പരിചരണം ആവശ്യമാണ്. കൂടുതല്‍ ചെടികള്‍ നടുന്നുണ്ടെങ്കില്‍ 12 മീറ്റര്‍ അകലം പാലിക്കണം. മികച്ച പ്രതിരോധശേഷിയുള്ളതിനാല്‍ കീട-രോഗ ബാധ കുറവാണ്. രണ്ടു വര്‍ഷം കൊണ്ടു തന്നെ 20 മീറ്റര്‍വരെ ഉയരം വക്കുന്ന ചെടി പുഷ്പിക്കാനും കായ് പിടിക്കാനും അഞ്ച് വര്‍ഷമെടുക്കും. ആണ്‍പൂക്കള്‍ തടിയുടെ മുകള്‍ഭാഗത്തും പെണ്‍പൂക്കള്‍ തടിയുടെ കീഴ്ഭാഗത്തുമാണ് ഉണ്ടാവുക. പൂക്കള്‍ക്ക് ഇളം റോസ് നിറവും നല്ല മണവും ഉണ്ടായിരിക്കും. മരത്തിന്റെ വളര്‍ച്ചയും കായ്ക്കലും വളരെ സാവധാനത്തിലാണ്.
- വിളവെടുപ്പ്
മരത്തില്‍ തടിയില്‍ തന്നെ കുലകളായാണ് കായകളുണ്ടാകുക. പാകമെത്തിയാല്‍ നമ്മുടെ സപ്പോട്ടയുടെ രൂപത്തിലായിരിക്കും. തൊലി ചുരണ്ടി നോക്കി ഉള്ളില്‍ ഓറഞ്ച് നിറമായി എന്നു കണ്ടാല്‍ പറിച്ചെടുക്കാം. സ്ക്വാഷും ജാമും സുഗന്ധ ലേപനങ്ങളും നിര്‍മിക്കാന്‍ കെപ്പല്‍ പഴം ഉപയോഗിക്കുന്നു. സുഗന്ധ ലേപനങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ പെര്‍ഫ്യൂം ഫ്രൂട്ട് എന്നും കെപ്പല്‍ പഴത്തിന് പേരുണ്ട്