IndiaNEWS

ബി.എസ്.എഫിന്റെ സ്‌നിഫര്‍ നായ പ്രസവിച്ചു; അന്വേഷണത്തിന് ഉത്തരവ്!

ഷില്ലോങ്: മേഘാലയയില്‍ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വിന്യസിച്ചിരുന്ന സ്‌നിഫര്‍ നായ്ക്കളില്‍ ഒന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ബി.എസ്.എഫ്. 43-ാം ബെറ്റാലിയനിലെ ലാല്‍സി എന്ന നായ ഗര്‍ഭിണിയായ സംഭവത്തിലാണ് അന്വേഷണം. കഴിഞ്ഞ മാസം അഞ്ചിനാണ് ബഗ്മാരയിലെ ഔട്ട്‌പോസ്റ്റില്‍ ലാല്‍സി മൂന്നു നായ്ക്കുട്ടികള്‍ക്കു ജന്മം നല്‍കിയത്.

അതീവ സുരക്ഷാ മേഖലകളില്‍ വിന്യസിക്കുന്ന പെണ്‍നായ്ക്കള്‍ ഗര്‍ഭം ധരിക്കാന്‍ ഇടയാകരുതെന്നാണ് ബി.എസ്.എഫ് നിയമം. ഇക്കാര്യത്തില്‍ നായ്ക്കളെ പരിപാലിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ഇതുനിലനില്‍ക്കെയാണ് ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയായ ഷില്ലോങ്ങില്‍ വിന്യസിച്ച ലാല്‍സി എന്ന നായ ഗര്‍ഭിണിയായതും പ്രസവിച്ചതും. സേനയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ പെണ്‍ നായ്ക്കള്‍ക്ക് ഒരിക്കല്‍ പ്രജനനം നടത്താമെന്നാണ് ബി.എസ്.എഫ് നിയമം നിഷ്‌കര്‍ഷിക്കുന്നത്.

Signature-ad

ഷില്ലോങ്ങിലെ ബി.എസ്.എഫ് സ്‌റ്റേഷന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആണ് കഴിഞ്ഞ മാസം 19 ന് അന്വേഷണത്തിനു ഉത്തരവിട്ടിരിക്കുന്നത്. യൂണിറ്റിലെ ഡെപ്യൂട്ടി കമാന്‍ഡന്റിനാണ് അന്വേഷണച്ചുമതല. ഡിസംബര്‍ 30 നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. വിദഗ്ധ പരിശീലനം ലഭിച്ച ബിഎസ്എഫ് നായ്ക്കളെ അതീവ ശ്രദ്ധയോടെയാണ് പരിചരിക്കുന്നതെന്നു ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നായ്ക്കളെ ദിവസേന ആരോഗ്യപരിശോധനയ്ക്കു വിധേയമാക്കും. മറ്റു നായ്ക്കളുമായി ഇടപഴകാന്‍ അനുവദിക്കില്ല. വെറ്ററിനറി ഡോക്ടറുടെ മേല്‍നോട്ടത്തിലാണ് പ്രജനനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ അഞ്ചിനു രാവിലെ 10 മണിക്കാണ് ലാല്‍സി മൂന്നു നായ്ക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

Back to top button
error: