IndiaNEWS

കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് പോരാടാന്‍ ബി.ജെ.പി; ജെ.ഡി.എസുമായി സഖ്യത്തിനില്ല

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ജെ.ഡി.എസും സഖ്യത്തിലേര്‍പ്പെടുമെന്ന അഭ്യൂഹത്തിനു വിരാമമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നും ജെഡിഎസുമായി സഖ്യത്തിനില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഊഹാപോഹങ്ങള്‍ക്കു പിന്നില്‍ ജെ.ഡി.എസ് നേതാക്കളാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ബംഗളൂരുവില്‍ നടന്ന ബി.ജെ.പി ബൂത്ത് പ്രവര്‍ത്തകരുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. റിസോര്‍ട്ട് രാഷ്ട്രീയത്തിനും കുതിരക്കച്ചവടക്കത്തിനും സാക്ഷ്യം വഹിച്ച കര്‍ണാടകത്തില്‍ ഇക്കുറി മൂന്നില്‍രണ്ട് ഭൂരിപക്ഷം നേടിയുള്ള വിജയമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

”നമ്മള്‍ ഒരു പാര്‍ട്ടിയുമായും കൈകോര്‍ക്കില്ല. ബി.ജെ.പി ഒറ്റയ്ക്ക് പോരാടി സര്‍ക്കാര്‍ രൂപീകരിക്കും. ജനങ്ങളുടെ വികാരം തനിക്കു മനസിലാകുന്നുണ്ട്. ബി.ജെ.പിക്കു വോട്ടു ചെയ്യാന്‍ അവര്‍ തയ്യാറാണ്. നമ്മള്‍ ചെയ്യേണ്ടത് അവരിലേക്ക് എത്തുക മാത്രം. മോദി നമ്മെ നയിക്കും എന്നതില്‍ സംശയമില്ല. എന്നാല്‍ വോട്ടര്‍മാര്‍ക്ക് നമ്മുടെ പ്രവര്‍ത്തകര്‍ മോദിയാണ്. നിങ്ങളെ സ്വീകരിക്കാന്‍ കാത്തിരിക്കുന്ന ജനങ്ങളിലേക്ക് നിങ്ങള്‍ മോദിയുടെ സന്ദേശം എത്തിക്കണം”- അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

Signature-ad

മികച്ച ഭൂരിപക്ഷത്തില്‍ ബി.ജെ.പിയെ വിജയിപ്പിച്ചാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ കുടുംബവാഴ്ചയും അഴിമതിയും ജാതി രാഷ്ട്രീയവും അവസാനിപ്പിച്ചു സദ്ഭരണം കാഴ്ചവെക്കും. രാഷ്ട്രീയ അനിശ്ചിതത്വം ഒരിക്കലും വികസനം കൊണ്ടുവരില്ല. സംസ്ഥാനത്ത് ത്രികോണമത്സരം നടക്കുമെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ വാദം. ഇത് സംഭവിക്കില്ല. ജെ.ഡി.എസും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇത് ജനം മനസിലാക്കണമെന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്ത് രണ്ടു വിഭാഗങ്ങളുണ്ട്, ഒരുവശത്ത് ബി.ജെ.പി നേതൃത്വം നല്‍കുന്ന രാജ്യസ്‌നേഹികളുടെ കൂട്ടായ്മ, മറുവശത്തു കോണ്‍ഗ്രസും മറ്റുള്ളവരും നേതൃത്വം നല്‍കുന്ന തുക്കടെ വിഭജന ഗ്യാങ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച മോദി സര്‍ക്കാര്‍ ഇവിടെയുണ്ട്, മറുവശത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ 170 കേസുകള്‍ പിന്‍വലിച്ച സിദ്ധരാമ്മയ്യയും കുമാരസ്വാമിയും. ഒരുവശത്ത് രാമക്ഷേത്രം പണിയുകയും കാശി ക്ഷേത്രം നവീകരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍, മറുവശത്ത് ടിപ്പു സുല്‍ത്താനെ ഹീറോയാക്കുന്ന ആളുകള്‍. ആരെ വേണമെന്ന് ജനങ്ങള്‍ക്ക് തെരഞ്ഞെടുക്കാമെന്നും അമിത് ഷാ പറഞ്ഞു.

Back to top button
error: