പ്രശസ്ത സംവിധായകന് ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശിശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’ ഇന്ന് തീയേറ്ററുകളിൽ എത്തുന്നു. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം.’ പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം, പശ്ചാത്തല സംഗീതം രഞ്ജിൻ രാജ്, വരികൾ സന്തോഷ് വർമ്മ, ബി കെ ഹരിനാരായണൻ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. ആർട്ട് സുരേഷ് കൊല്ലം,. പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ.
പാൻ ഇന്ത്യൻ ചിത്രമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്ന ‘മാളികപ്പുറം’ മലയാളത്തിലെ രണ്ട് പ്രബല ചലച്ചിത്രനിർമാണ കമ്പനികൾ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും നിർമാണ പങ്കാളികളാണ്. ഉണ്ണീ മുകുന്ദനും ശ്രീപഥ്, ദേവനന്ദ എന്നീ കുട്ടികളുമാണ് ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നത്. ഒപ്പം മനോജ് കെ ജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, സമ്പത്ത് റാം, വിജയകൃഷ്ണൻ, കലാഭവൻ ജിന്റോ, അജയ് വാസുദേവ്, സന്ദീപ് രാജ് (വിക്രം ഫെയിം), മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ് എന്നിവരും ചിത്രത്തിലുണ്ട്.
മാളികപ്പുറത്തിന്റെ ചരിത്രപശ്ചാത്തലം സിനിമയിൽ വിശദീകരിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ മാസ്മരിക ശബ്ദവിവരണത്തില്‍ മാളികപ്പുറത്തിന്റെ കഥ പറയുന്ന വിഡിയോ അണിയറ പ്രവർത്തകര്‍ റിലീസ് ചെയ്തു. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ട്രെൻഡിങ്ങിൽ ഒന്നാമതായി പ്രേക്ഷകശ്രദ്ധ നേടുന്നതിനിടയിലാണ് അണിയറ പ്രവർത്തകർ ഈ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. മണ്ഡലകാലത്ത് തന്നെ മാളികപ്പുറത്തിന്റെ റിലീസ് കാത്തിരിക്കുന്ന പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്.