പത്തനംതിട്ട: കലഞ്ഞൂരും കൂടലും വീണ്ടും പുലിയിറങ്ങി. പുലിയെ കണ്ട് പേടിച്ചോടിയ പ്രദേശവാസിയായ കമലാ ഭായിക്ക് വീണ് പരുക്കേറ്റു. മുരുപ്പേൽ മന്ത്രപ്പാറയിലാണ് പുലിയെ കണ്ടത്. 16 ദിവസത്തിനിടെ തുടർചയായി 12 തവണയാണ് ഈ മേഖലയിൽ പുലിയുടെ സാന്നിധ്യം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പക്ഷേ കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. കലഞ്ഞൂരിലെ ഇഞ്ചപ്പാറയിൽ കഴിഞ്ഞ ദിവസം ടാപ്പിംഗ് തൊഴിലാളികൾ പുലിയെ കണ്ടിരുന്നു.
വീടുകളിലെ സിസിടിവികളിൽ പുലിയുടെ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടും വനം വകുപ്പ് കൂട് സ്ഥാപിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അതേസമയം കൂട് സ്ഥാപിക്കാൻ വൈഡ് ലൈഫ് മേധാവികളുടെ ഉത്തരവ് കിട്ടിയിട്ടില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഭീതി പടർത്തി നടക്കുന്ന പുലിയെ തേടി അത്യാധുനിക ട്രോൺ ക്യാമറകളായ സ്കൈ കോപ്റ്ററും ക്വാഡാ കോപ്റ്ററും ഇഞ്ചപാറയിൽ പരിശോധന തുടങ്ങി. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ട്രോൺ ക്യാമറകൾ ഉപയോഗിച്ചുള്ള പരിശോധന നടത്തുന്നത്. ഇതിനൊപ്പം വനംവകുപ്പിന്റെ നേതൃത്വത്തിൽ രാപ്പകമില്ലാതെ വിവിധ സംഘങ്ങളായി പരിശോധന തുടരുകയാണ്.
എത്തിയത് അത്യാധുനികട്രോൺ ക്യാമറ
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് എന്ന സ്ഥാപനമാണ് കൂടൽ- ഇഞ്ചപ്പാറ മേഖലയിൽ പുലിയെ കണ്ടെത്താൻ അത്യാധുനിക ട്രോൺ ക്യാമറകളുമായി എത്തിയത്. 5 കിലോമീറ്റർ ദൂരപരിധിയിൽ പ്രവർത്തിക്കുന്ന ട്രോൺ രാത്രിയിലും സെർച്ച് ലൈറ്റ് ഉപയോഗിച്ച് തെരച്ചിൽ നടത്തും. തെർമൽ ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്. കൈകോപ്റ്റർ, ക്വാഡാ കോപ്റ്റർ എന്നീ രണ്ട് ട്രോണുകളും 40 എക്സ് സൂം ക്യാമറയും തെർമൽ ക്യാമറയുമാണ് ട്രോണിൽ ഉപയോഗിക്കുന്നത്. കല്യാൺ സോമൻ ഡയറക്ടറായ ടീമിൽ അനിൽകുമാർ മച്ചാനി, ശ്രീറാം, ദാസ്, ദിവ്യാസുന്ദർ എന്നിവരാണുള്ളത്. കഴിഞ്ഞ ദിവസം ഉച്ചമുതൽ സംഘം രാക്ഷസൻ പാറയിൽ പരിശോധന തുടങ്ങി. രാത്രി പാക്കണ്ടത്തിനു സമീപമുള്ള വലിയ പാറയിലെ ക്ഷേത്രത്തിനു സമീപവും ട്രോൺ പരിശോധന നടത്തി.
പുലിയുടെ സാന്നിധ്യം പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥ മാറ്റണമെന്ന് കെ.യു ജനീഷ് കുമാർ എംഎൽഎയുടെ ശക്തമായ ഇടപെടലാണ് പരിശോധനകൾ ശക്തമാക്കിയത്. വനംവകുപ്പിന്റെ കോന്നി സ്ട്രൈക്കിംഗ് ഫോഴ്സും പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ ശക്തമാക്കുമ്പോൾ പുലി മറ്റിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നു എന്നതാണ് തിരച്ചിലിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഇത് പരിഹരിക്കാൻ എട്ടിടങ്ങളിൽ ക്യാമറകളും ഇഞ്ചപ്പാറയിലും പാക്കണ്ടന്നും പുലിയെ കുടുക്കാൻ കൂടും സ്ഥാപിച്ചിരുന്നു. എന്നിട്ടും പുലിയെ പിടികൂടാൻ കഴിഞ്ഞില്ല.
ഇതിനിടയിൽ വിഷയം ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതോടെ അന്വേഷണത്തിന് കൂടുതൽ ഇടപെടൽ ഉണ്ടായി. തുടർന്ന് കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്ന് പരിശോധനകൾ ശക്തമാക്കാൻ തീരുമാനിച്ചു. പിന്നീടാണ് വിവിധ സ്റ്റേഷനുകളിൽ നിന്ന് വനപാലകരെ ഉൾപ്പെടെ കൂടുതൽ ആളുകളെ ഉപയോഗപ്പെടുത്തി പരിശോധന ശക്തിപ്പെട്ടു ത്തിയത്. ഞായറാഴ്ച എംഎൽഎയോടൊപ്പം കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോരി, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി പുഷ്പവല്ലി തുടങ്ങിയവരും രാക്ഷസൻ പാറയിൽ ഉണ്ടായിരുന്നു.