തിരുവനന്തപുരം: വൈദേകം റിസോർട്ട് വിവാദത്തിൽ ഇ പി ജയരാജനെതിരെ വിജിലൻസിൽ പരാതി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ അന്യായ സ്വാധീനം ഉപയോഗിച്ചെന്നും ആന്തൂർ നഗരസഭാ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചനയും അഴിമതിയും നടത്തിയെന്നും കാട്ടിയാണ് പരാതി. കള്ളപ്പണം വെളുപ്പിക്കലും നിയമവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷിക്കണമെന്നാണ് വിജിലൻസ് ഡയറക്ടർക്ക് നൽകിയിരിക്കുന്ന പരാതിയിലെ ആവശ്യം. റിസോർട്ടിന്‍റെ നിയമവിരുദ്ധ പ്രവർത്തനത്തിൽ നടപടിയും അന്വേഷണവുമാവശ്യപ്പെട്ട് തദ്ദേശവകുപ്പ് മന്ത്രി, അഡീഷണൽ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബാണ് പരാതിക്കാരൻ.
അതേസമയം കണ്ണൂർ മൊറാഴ വെള്ളിക്കീലിൽ കുന്നിടിച്ച് തന്നെയാണ് വൈദേകം ആയുർവേദ റിസോർട്ടിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതെന്ന് ആന്തൂർ നഗരസഭ സ്ഥിരീകരിച്ചു. റോഡിനായി കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടുപോകില്ല എന്ന ഉറപ്പ് കിട്ടിയതുകൊണ്ടാണ് നടപടി എടുക്കാഞ്ഞതെന്നും ചെറിയ കെട്ടിടങ്ങളായതിനാൽ അഗ്നിരക്ഷ അനുമതി വേണ്ടിയിരുന്നില്ലെന്നും നഗരസഭ അധ്യക്ഷൻ പറഞ്ഞു.
2014 ൽ രജിസ്റ്റർ ചെയ്ത കണ്ണൂർ ആയുർവേദ കെയർ ലിമിറ്റഡ് എന്ന കമ്പനിക്ക് ആയുർവേദ റിസോർട്ട് നിർമ്മിക്കാനുള്ള അനുമതി 2017 ലാണ് ആന്തൂർ നഗരസഭ നൽകുന്നത്. ഇ പി ജയരാജന്‍റെ മകൻ പി കെ ജെയ്സണും തലശ്ശേരിയിലെ വ്യവസായി കെ പി രമേഷ് കുമാറും സ്ഥാപക ഡയറക്ടറായ കമ്പനി വെള്ളിക്കീലിലെ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഉടുപ്പ കുന്നിടിച്ച് നിർമ്മാണം തുടങ്ങി. പിന്നാലെ ശാസ്ത്ര സാഹിത്യ പരിഷത്ത് കുന്നിടിക്കുന്നതിനെതിരെ രംഗത്തെത്തി. അഗ്നിസുരക്ഷ അനുമതിയില്ലെന്നും കുന്നിടിക്കാനും കുഴൽകിണർ കുത്താനും ജിയോളജി വകുപ്പിന്‍റെ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടി കളക്ടർക്ക് പരാതി നൽകി. കുന്നിടിച്ച മണ്ണ് പുറത്ത് കൊണ്ടുപോകുന്നില്ലല്ലോ എന്ന വിചിത്ര വാദം ഉന്നയിച്ചാണ് നഗരസഭ ഇതിനെ നേരിട്ടത്.