KeralaNEWS

‘കെ. സുധാകരനെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ല’; പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാൻ ആലോചനയില്ല: കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ നീക്കാൻ ഒരു ആലോചനയുമില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സുധാകരനെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. ഇ പി ജയരാജനെതിരായ സാമ്പത്തിക ആരോപണം അന്വേഷിക്കണമെന്നും ഇക്കാര്യത്തിൽ കോൺഗ്രസിൽ അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി മേൽനോട്ടത്തിൽ വിശ്വാസ്യതയുള്ള ഏജൻസി അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസിൻറെ ആവശ്യം. ഇഡി വേണ്ട എന്നും മികച്ചതാണെന്നും അഭിപ്രായമില്ലെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.

സോളാർ കേസിൽ നിലപാട് നേരത്തെ അറിയിച്ചതെന്നെന്നും പുതുതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോളാർ പീഡന കേസിൽ കെ സി വേണുഗോപാലിനെതിരെ വ്യാജ തെളിവുണ്ടാക്കാൻ പരാതിക്കാരി ശ്രമിച്ചെന്നാണ് സിബിഐയുടെ കണ്ടെത്തൽ. മൊഴി മാറ്റി പറയാൻ കെ സി വേണുഗോപാൽ പണം നൽകിയെന്ന് വരുത്തി തീർക്കാനാണ് പരാതിക്കാരി ശ്രമിച്ചത്. പരാതിക്കാരിയുടെ മുൻ മാനേജർ രാജശേഖരൻ മൊഴി നൽകാൻ സിബിഐ ഓഫീസിൽ പോയപ്പോൾ 50,000 രൂപ ഇയാളിൽ നിന്നും കണ്ടെത്തിയിരുന്നു. കെ സി വേണുഗോപാലിൻറെ സെക്രട്ടറി നൽകിയെന്നാരുന്നു രാജശേഖരൻറെ മൊഴി. ഇത് കളവാണെന്നാണ് സിബിഐ കണ്ടെത്തിയത്. പണം നൽകി അയച്ചത് പരാതിക്കാരി തന്നെയാണെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.

Back to top button
error: