IndiaNEWS

കനത്ത മൂടല്‍മഞ്ഞ്: ഡല്‍ഹി വിമാനത്താവളത്തില്‍ നൂറോളം വിമാന സര്‍വീസുകള്‍ വൈകി

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വിമാനസര്‍വീസുകള്‍ താറുമാറായി. മൂന്നുദിവസമായി തുടരുന്ന കനത്ത മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി എയര്‍പ്പോര്‍ട്ടില്‍ നിന്നും മാത്രം 100 ഓളം സര്‍വീസുകളാണ് വൈകിയത്. ചില വിമാനങ്ങള്‍ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിട്ടുമുണ്ട്.

പുതുവര്‍ഷാഘോഷങ്ങളുടേയും ക്രിസ്മസ് അവധിക്കാലത്തിന്റേയും പശ്ചാത്തലത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പുറമേയാണ് മൂടല്‍ മഞ്ഞിനെത്തുടര്‍ന്നുള്ള വിമാനങ്ങളുടെ വൈകല്‍. ഇത് യാത്രക്കാര്‍ക്ക് കടുത്ത ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.

Signature-ad

മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച മറയുന്നതും ചില വിമാനകമ്പനികള്‍ സി.എ.ടി. മൂന്ന് വിഭാഗത്തിലെ ജീവനക്കാരെ വിന്യസിക്കാത്തതുമാണ് സര്‍വീസുകള്‍ തകരാറിലാകാന്‍ കാരണം. കാഴ്ചക്കുറവുള്ള സമയത്തും വിമാനങ്ങള്‍ സുരക്ഷിതമായി ഇറക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് സി.എ.ടി. മൂന്ന് ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം.

പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ തിങ്കളാഴ്ച ആറു മണിക്കൂറോളം വൈകിയിരുന്നു. നൂറോളം യാത്രക്കാര്‍ക്ക് ഇതേത്തുടര്‍ന്ന് ബുദ്ധിമുട്ടുണ്ടായി. സര്‍വീസുകള്‍ വൈകിയതില്‍ വിസ്താര, സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ വിമാനക്കമ്പനികള്‍ ക്ഷമചോദിച്ചു.

 

Back to top button
error: