ക്രിസ്മസും പുതുവത്സരവും കുടുംബത്തോടെയും കൂട്ടുകാരുമായും അടിച്ചുപൊളിക്കാൻ പറ്റിയ സ്ഥലമാണ് ഊട്ടി. മഞ്ഞും തണുപ്പും മനോഹരമായ പ്രകൃതിദൃശ്യങ്ങളും എല്ലാം ഒരുക്കി ഊട്ടി സഞ്ചരികളെ കാത്തിരിക്കുകയാണ്. ഊട്ടിയിലേക്കുള്ള യാത്രയിലെ പ്രധാന ആകർഷണമാണ് പൈതൃക ടോയ് ട്രെയിൻ യാത്ര. കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന ഊട്ടി- മേട്ടുപ്പാളയം ടോയ് ട്രെയിന്‍ യാത്ര പുനരാരംഭിച്ചതാണ് ഈ seasoninte സന്തോഷവാർത്ത. ഡിസംബർ 14-ാം തീ യതി കനത്ത മഴയെത്തുടർന്ന് കല്ലാർ- ഹിൽഗ്രോവ്- അഡർലി എന്നിവിടങ്ങളിലെ പത്തോളം സ്ഥലങ്ങളിൽ മണ്ണിടിഞ്ഞിരുന്നു. അതോടൊപ്പം പാലത്തിൽ വലിയ മരങ്ങളും കൂറ്റൻ പാറകളും വീഴുകയും ചെയ്തതിനെ തുടർന്നാണ് ട്രെയിൻ സർവീസ് താത്കാലികമായി റദ്ദാക്കിയത്. പിന്നീട് അറ്റുകുറ്റപണികൾ തീർത്തു സർവീസ് പുനരാരംഭിച്ചത്.
വളരെ രസകരമായ കാഴ്ചകളും യാത്രാനുഭവങ്ങളും നൽകുന്ന ഈ യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്തിരിക്കേണ്ടതാണ്. മേട്ടുപ്പാളയത്തിൽ നിന്നും യാത്ര ആരംഭിക്കുമ്പോൾ സമുദ്രനിരപ്പിൽ നിന്നും ഈ പ്രദേശത്തിനുള്ള ഉയരം വെറും 330 മീറ്റർ മാത്രമാണ്. തുടർന്ന് 16 തുരങ്കങ്ങൾ, 250 പാലങ്ങൾ, 208 വളവുകളും കടന്ന് നാലര മണിക്കൂറോളം സമയമെടുത്ത് ഉദഗമണ്ഡലത്തില്‍ എത്തുമ്പോൾ ട്രെയിൻ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലാവും. 46 കിലോമീറ്റർ ദൂരമാണ് ആകെ ഈ ട്രെയിൻ സഞ്ചരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ എന്ന പ്രത്യേകതയും ഇതിനുണ്ട്. മണിക്കൂറിൽ വെറും 10.4 കിലോമീറ്റർ വേഗതയിൽ ആണിത് സഞ്ചരിക്കുന്നത്. 2005 ജൂലൈയിൽ ആണ് യുനസ്കോ നീലഗിരി മലയോര തീവണ്ടിപ്പാതയെ ലോകപൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തുന്നത്.
ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾ യാത്രയ്ക്കായി ലഭ്യമാണ്. ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 600 രൂപയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് 295 രൂപയും റിസര്‍വ്വ് ചെയ്യാതെയുള്ള യാത്രകള്‍ക്ക് 15 രൂപയുമാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക് . ഇ ന്ത്യൻ റെയിൽവേയുടെ www.irctc.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജനറൽ ടിക്കറ്റുകൾ മതിയെങ്കിൽ അത് സ്റ്റേഷനിൽ നിന്നും ലഭിക്കും. എന്നാൽ പലപ്പോഴും വേഗത്തിൽ ടിക്കറ്റുകൾ വിറ്റുതീരാറുണ്ട്. രാവിലെ 7.10-നാണ് മേട്ടുപ്പാളയത്തിൽ നിന്ന് ടോയ് ട്രെയിൻ യാത്ര ആരംഭിക്കുന്നത്. ഇവിടെ നിന്നും 18 കിലോമീറ്റർ അകലെയുള്ള ഹിൽഗ്രോവാണ് ആദ്യത്തെ പ്രധാന സ്റ്റേഷൻ. പിന്നീട് കതേരി, കൂനൂര്, വെല്ലിംഗ്ടൺ, കേത്തി, ലവ്ഡെയ്ൽ തുടങ്ങിയ സ്റ്റേഷനുകളിലൂടെ കടന്ന് 12 മണി ആകുമ്പോൾ ഊട്ടിയിലെത്തും. ഊട്ടിയിൽ നിന്നും 2 മണിക്ക് എടുക്കുന്ന ട്രെയിൻ 5.30ന് മേട്ടുപ്പാളയത്ത് എത്തും.