കോഴിക്കോട്: ഫറോക്കില്‍ കഴിഞ്ഞ ദിവസം ലോറി അപകടത്തില്‍പ്പെട്ട് മദ്യം കുപ്പികള്‍ റോഡില്‍ വീണ സംഭവത്തില്‍ പരാതിയുമായി വാഹന ഉടമകള്‍. പഴയ പാലത്തില്‍ കഴിഞ്ഞ ദിവസമാണ് മദ്യലോറിയിടിച്ച് അപകടമുണ്ടായത്. അതിനു പിന്നാലെ റോഡില്‍ മദ്യക്കുപ്പികള്‍ ചിതറിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ 97 പെട്ടി മദ്യം നഷ്ടപ്പെട്ടെന്ന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുകയാണ് വാഹനം ഓടിച്ചിരുന്നവര്‍.
ഓരോ പെട്ടിയിലും ഇരുപത്തിനാല് കുപ്പി മദ്യം വീതമാണ് ഉണ്ടായിരുന്നത്. 97 പെട്ടി മദ്യമാണ് നഷ്ടമായത്. 40 പെട്ടി മദ്യം ഫറോക്ക് പോലീസ് സംഭവദിവസംതന്നെ കണ്ടെടുത്തിരുന്നു. റോഡില്‍ ഒഴുകി നഷ്ടപ്പെട്ട മദ്യവും ഇതില്‍ ഉള്‍പ്പെടും. കൊല്ലം വെയര്‍ഹൗസിലെത്തി ഫറോക്ക് പോലീസ് സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കും. പഞ്ചാബിലെ മൊഹാലിയില്‍ നിര്‍മിച്ച മദ്യമാണിത്.
ചൊവ്വാഴ്ച രാവിലെയാണ് മദ്യലോറി ഫറോക്ക് പഴയപാലം കടക്കുന്നതിനിടെ കമാനത്തില്‍ ഇടിച്ചത്. പാലത്തില്‍ തട്ടിയതോടെ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി കൊണ്ടുപോകുകയായിരുന്ന മദ്യക്കുപ്പികള്‍ റോഡിലേക്ക് വീഴുകയായിരുന്നു. മദ്യക്കുപ്പികള്‍ റോഡില്‍ ചിതറിയിട്ടും ലോറി നിര്‍ത്താതെ പോവുകയായിരുന്നു. റോഡില്‍ വീണ കുപ്പികളേറെയും വഴിയാത്രക്കാര്‍ കൈക്കലാക്കി.