KeralaNEWS

ബഫർസോൺ അഴിയാക്കുരുക്കാകുന്നു: മാപ്പിന് പിന്നാലെ സർക്കാരിന് മുന്നിൽ പരാതി പ്രളയം, ലഭിച്ചത് പതിനായിരത്തിലേറെ പരാതികൾ 

തിരുവനന്തപുരം: ബഫർസോൺ സർക്കാരിന് അഴിയാക്കുരുക്കാകുന്നു: മാപ്പ്‌ പ്രസിദ്ധീകരിച്ചതിനു പിന്നാലെ സർക്കാരിന് മുന്നിൽ പരാതി പ്രളയം, ലഭിച്ചത് 12000 ലേറെ പരാതികൾ… ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ആണ് പരാതികൾ. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫർ പരിധിയിൽപെട്ടതിന്റെ ഫോട്ടോകൾ സഹിതമാണ് പല പരാതികളും. ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കും മുൻപ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പുതുക്കി നൽകണം എന്നതാണ് സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി.

സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശത്തിന്റെ ആകാശ സർവേ ഭൂപടത്തിൽ പിഴവുണ്ടെന്നാണ് ഡിഎഫ്ഒ എസ്. വിനോദ് അറിയിക്കുന്നത്. സൈലന്റ് വാലിക്ക് നേരത്തെ തന്നെ ബഫർ സോൺ ഉള്ളതിനാൽ, കൂട്ടിച്ചേർക്കൽ വേണ്ടിവരില്ല. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്ഒ അറിയിച്ചു.

Signature-ad

അതേസമയം, ബഫ‍ർസോൺ വിഷയത്തിൽ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്ന യുഡിഎഫിന് ജനകീയ കൺവെൻഷൻ വഴി മറുപടി നൽകി സിപിഎം. ബഫർ സോൺ യാഥാർത്ഥ്യമെന്നും ഇതംഗീകരിക്കണമെന്നും കോഴിക്കോട് കൂരാച്ചുണ്ടിൽ നടന്ന ജനകീയ കൺവെൻഷനിൽ മുൻ എം പി ജോയ്സ് ജോർജ്ജ് പറ‌ഞ്ഞു. ബഫർ‍സോൺ വിഷയത്തിൽ പ്രതിരോധം തീർക്കുന്നതിന്‍റെ ആദ്യപടിയായാണ് ജനകീയ കൺവെൻഷൻ. ബാലുശ്ശേരി എംഎൽഎ സച്ചിൻദേവിന്‍റെ നേതൃത്വത്തിലാണ് കൂരാച്ചുണ്ട്, ചക്കിട്ടപാറ, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ എന്നിവരെയുൾക്കൊളളിച്ച് കൂരാച്ചുണ്ടിൽ കൺവെൻഷൻ സംഘടിപ്പിച്ചത്. ഹൈറേഞ്ച് സമരസമിതിയുടെ അമരത്തുണ്ടായിരുന്ന ഇടുക്കി മുൻ എംപി ജോയ്സ് ജോർജ്ജ് തന്നെ സർക്കാർ നിലപാട് വിശദീകരിക്കാനെത്തി. ഈമാസം 28 ന് ചക്കിട്ടപാറയിൽ പൊതുയോഗവും സംഘടിപ്പിക്കുന്നുണ്ട്.

 

Back to top button
error: