ആലപ്പുഴ: മാന്നാറിലും പരിസരപ്രദേശങ്ങളിലുമായി നിരവധി മോഷണങ്ങള്‍ നടത്തിയ കേസിലെപ്രതിയെ പോലീസ് അറസ്റ്റുചെയ്തു. കൊട്ടാരക്കര മേലില ചെങ്ങമനാട് റഫീഖ് മന്‍സിലില്‍ റഫീഖ് എന്നറിയപ്പെടുന്ന സതീഷ് (41)ആണ് അറസ്റ്റിലായത്. പരുമല, ചെന്നിത്തല, മാന്നാര്‍ പ്രദേശങ്ങളിലെ വ്യാപാര കേന്ദ്രങ്ങളിലും ക്ഷേത്രത്തിലും നടന്നമോഷണങ്ങളുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റു ചെതത്.
പരുമല തിക്കപ്പുഴയിലെ ക്ഷേത്രവും ചെന്നിത്തല കാരാഴ്മയിലെ വീടും ഉള്‍പ്പെടെ 20 ഓളം മോഷണമാണ് നടത്തിയത്. മാന്നാര്‍-തിരുവല്ല റോഡിന്റെ ഇരുവശങ്ങളിലുമുള്ള സി.സി. ടിവി ദൃശ്യങ്ങളും ഒരേതരത്തിലുള്ള മോഷണരീതിയും കൊണ്ട് ഒരാളാണ് ഈ കൃത്യങ്ങളെല്ലാം ചെയ്തതെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടുപോയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിരവധി മോഷണങ്ങള്‍നടത്തി പിടിയിലാവുകയും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമായ റഫീഖ് ജയിലില്‍ നിന്നിറങ്ങിയ ശേഷവും മോഷണം തുടരുകയായിരുന്നു. അടൂര്‍ ഏഴംകുളം ഭാഗത്തുള്ള ഒരു ലോഡ്ജില്‍നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയുമായി മോഷണംനടന്ന സ്ഥലങ്ങളില്‍ പോലീസ് തെളിവെടുപ്പു നടത്തി.
അതേസമയം, അടുത്തിടെ റിലീസ് ചെയ്ത ‘കൂമന്‍’ എന്ന സിനിമ ജയിലില്‍വെച്ചു കണ്ടപ്പോള്‍ അതു തനിക്ക് കൂടുതല്‍ മോഷ്ടിക്കുന്നതിന് ആവേശം നല്‍കിയെന്ന് റഫീഖ് പോലീസിനോടു പറഞ്ഞു. ചടയമംഗലം പോലീസ് ചാര്‍ജ്‌ചെയ്ത കേസില്‍ അറസ്റ്റിലായ സതീഷ് കഴിഞ്ഞ നവംബര്‍ 24-നാണ് ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്ന് വിവിധ ജില്ലകളിലായി നിരവധി മോഷണങ്ങള്‍ നടത്തിയിരുന്നു. ഏതാനും വര്‍ഷങ്ങളായി മോഷണം തൊഴിലാക്കിയ ഇയാള്‍ കൊല്ലം ജില്ലാ ജയിലില്‍ ഈ സിനിമ കണ്ടതോടെ മോഷണം നടത്തുമ്പോഴുള്ള ഭയപ്പാടു കുറയുകയും ആവേശം നല്‍കുകയും ചെയ്തെന്നു പോലീസിനോടു പറഞ്ഞു.
ഒരുദിവസം ഒന്നിലധികം മോഷണം നടത്തുക എന്നതാണ് ഇപ്പോഴത്തെ ശൈലി. ആരെയും കൂടെ കൂട്ടാറില്ല. ആയുധങ്ങളും കൊണ്ടുപോകാറില്ല. മോഷ്ടിക്കാന്‍ച്ചെല്ലുന്ന പ്രദേശത്തുനിന്നു കിട്ടുന്ന കമ്പി, പാര തുടങ്ങിയവ ഉപയോഗിച്ചാണു മോഷണം. സതീഷ് എന്ന പേരുള്ള ഇയാള്‍ മതംമാറി റഫീക്കായി ഒരുമുസ്ലിം സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസം.