ന്യൂഡല്‍ഹി: വിദേശത്തേക്ക് ഉന്നതപഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. നവംബര്‍ 30 വരെ 6,46,206 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോയതെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ ലോക്സഭയില്‍ വ്യക്തമാക്കി. വിദേശത്തേക്ക് പോകുന്നവരുടെയും വരുന്നവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ കണക്കുകളല്ലാതെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി പോകുന്നവരുടെ മാത്രം കണക്കുകള്‍ ശേഖരിക്കാന്‍ നിലവില്‍ മതിയായ മാര്‍ഗമില്ലെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കണക്കാക്കുന്നത് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് നല്‍കിയ രേഖകള്‍ അടിസ്ഥാനപ്പെടുത്തിയാണ്. ഈ രീതിയില്‍ തിട്ടപ്പെടുത്തിയ കണക്കുപ്രകാരം 2021-ല്‍ 4,44,553 വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയത്.
അതില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാനഘടകമായി കണക്കാക്കുന്നത് യു.എസും യു.കെയും വിസ ചട്ടങ്ങളില്‍ കൊണ്ടുവന്ന മാറ്റങ്ങളാണ്. 2022 ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ മാത്രം 82000 വിസകളാണ് യു.എസ് അനുവദിച്ചത്. ഏറ്റവും പുതിയ കണക്കനുസരിച്ച് യു.കെയിലെ വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യക്കാരാണ് മുന്നില്‍.