കൊച്ചി: പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്തെമ്പാടും പൊലീസിന്റെ സ്പെഷൽ ഡ്രൈവ് ഉണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. സ്ഥിരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന പോലീസുകാർക്കെതിരെ നടപടി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇയർ ആഘോഷത്തിൽ ലഹരി ഉപയോഗം തടയാൻ നടപടികൾ ഊർജിതമാക്കും. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലക്കലിൽ കൂടുതൽ പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പേട്ടത്തുള്ളൽ അടക്കമുള്ള ചടങ്ങുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ കേസുകൾ പരിശോധിക്കുമ്പോൾ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിൽ 200 ശതമാനം മുതൽ 300 ശതമാനം വരെ വർധനവുണ്ട്. ലഹരി ഉപയോഗം സംബന്ധിച്ചുള്ള ജാഗ്രതയ്ക്ക് തുല്യ പ്രാധാന്യമുണ്ട്. അതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. എസ്പിസി കാഡറ്റുകളുടെയും ജനമൈത്രി പൊലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്കൂളുകളിൽ ബോധവത്കരണ ക്യാമ്പയിൻ നടക്കുന്നുണ്ട്. പുതുവർഷ സമയത്ത് പതിവായി നടക്കുന്ന സ്പെഷൽ ഡ്രൈവുകൾ ഉണ്ടാകും. പട്രോളിങുകൾ നടക്കും. രഹസ്യ വിവരം ലഭിച്ചാൽ അതിനനുസരിച്ച് പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.