IndiaNEWS

സ്വന്തംമതത്തിന്‌ പുറത്ത് നിന്നും വിവാഹം ചെയ്യുന്ന നൂറുകണക്കിന്‌ യുവാക്കൾ കൊല്ലപ്പെടുന്നു, ദുരഭിമാന കൊലകൾക്കെതിരെ ചീഫ്‌ ജസ്‌റ്റിസ്‌

ന്യൂഡൽഹി: മതത്തിന്‌ പുറത്ത്‌ നിന്നും വിവാഹം ചെയ്‌തെന്ന ഒറ്റക്കാരണത്താൽ രാജ്യത്ത്‌ നൂറുകണക്കിന്‌ യുവതീയുവാക്കൾക്കാണ്‌ ജീവൻ നഷ്‌ടപ്പെടുന്നതെന്ന്‌ സുപ്രീംകോടതി ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌. കുടുംബങ്ങളുടെ അനിഷ്‌ടത്തോടെ സ്വന്തം മതത്തിന്‌ പുറത്ത്‌ നിന്നും വിവാഹിതരാകുന്ന യുവതീയുവാക്കൾ വലിയ കടന്നാക്രമങ്ങൾക്ക്‌ ഇരകളാകുന്നതായും ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ ചൂണ്ടിക്കാണിച്ചു. മുൻ അറ്റോണി ജനറൽ അശോക്‌ദേശായ്‌ സ്‌മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ധാർമികതയും സദാചാരവും ഭൂരിപക്ഷം തീരുമാനിക്കുന്നത്‌ കൊണ്ടുണ്ടാകുന്ന ദുരന്തങ്ങളാണ്‌ ദുരഭിമാനഹത്യകളെന്നും അദ്ദേഹം പറഞ്ഞു. ‘അധികാരവും ഭൂരിപക്ഷവുമുള്ള വിഭാഗങ്ങളുടെ ആക്രമണങ്ങൾക്ക്‌ പാർശ്വവൽകൃതർ ഇരകളാകുന്നു. അവഹേളനവും ഒറ്റപ്പെടുത്തലുകളും കാരണം ദുർബല ജനവിഭാഗങ്ങൾക്ക്‌ അവരുടേതായ പ്രതിസംസ്‌കാരം രൂപീകരിക്കാൻ കഴിയുന്നില്ല. ജനങ്ങൾ എന്താണോ അതുപോലെ തുടരുകയെന്ന സങ്കൽപ്പമല്ല ഭരണഘടന മുന്നോട്ടുവെക്കുന്നത്‌. ജനങ്ങൾ എങ്ങനെയായിരിക്കണമെന്ന സങ്കൽപ്പമാണ്‌ അത്‌ ഉയർത്തിപ്പിടിക്കുന്നത്‌’– ചീഫ്‌ജസ്‌റ്റിസ്‌ ഓർമ്മിപ്പിച്ചു.

Signature-ad

നിയമം ബാഹ്യ ബന്ധങ്ങളെ നിയന്ത്രിക്കുമ്പോള്‍, ധാര്‍മ്മികത ആന്തരിക ജീവിതത്തെ നിയന്ത്രിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ധാര്‍മ്മികത എന്ന് പറയുന്നത് നമ്മുടെ മനസ്സാക്ഷിയെ ആകര്‍ഷിക്കുകയും പലപ്പോഴും നാം പെരുമാറുന്ന രീതിയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഒരു പെരുമാറ്റച്ചട്ടം നിര്‍ദ്ദേശിക്കുന്ന മൂല്യങ്ങളുടെ ഒരു സംവിധാനമാണ് ധാര്‍മ്മികത എന്ന് സമ്മതിച്ചാല്‍ പോലും യഥാര്‍ത്ഥത്തില്‍ ധാര്‍മ്മികത എന്താണെന്നതില്‍ നമ്മള്‍ യോജിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

Back to top button
error: