കോട്ടയം: രാഷ്ട്രീയം വിടുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം നേതാവ് സുരേഷ് കുറുപ്പ്. പാർട്ടി നേതൃത്വം അവഗണിച്ചതില്‍ പ്രതിഷേധിച്ച് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍ നിന്ന് മാറി നില്‍ക്കുമെന്ന വാര്‍ത്ത സുരേഷ് കുറുപ്പ് തള്ളി. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സുരേഷ് കുറുപ്പ് സ്വന്തം നിലപാട് വ്യക്തമാക്കിയത്.
മാധ്യമപ്രവര്‍ത്തകനോട് താന്‍ പറഞ്ഞത് ‘ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല’ എന്ന് മാത്രമാണ്. എന്നെയും ഞാന്‍ നിലകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളേയും സ്‌നേഹിച്ച ജനങ്ങള്‍ക്കിടയില്‍ നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ഞാന്‍ എന്നെത്തന്നെ മറക്കുന്നതിന് തുല്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ക്കിടയില്‍ നിന്ന് മാറി നില്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കാനാവില്ലെന്നും ഫേസ്ബുക് പോസ്റ്റില്‍ അദ്ദേഹം വിശദീകരിച്ചു.
ഫേസ്ബുക് കുറിപ്പിന്‍ഫഎ പൂര്‍ണരൂപം:
“സുഹൃത്തുക്കളേ,
ഇന്നത്തെ (18 ഡിസംബര്‍ 2022 ) മലയാള മനോരമ ദിനപ്പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുമായി ബന്ധപ്പെട്ട ഒരു വിശദീകരണമാണിത്.
ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു എന്ന സൂചനകളോടെ വന്നിട്ടുള്ള വാര്‍ത്തയില്‍ പത്രലേഖകനോട് ഞാനായി പറഞ്ഞ ഒരു വാചകമേയുളളൂ, ‘ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല ‘ എന്നതാണത്. വേണമെങ്കില്‍ ഒരാഴ്ച കഴിഞ്ഞ് സംസാരിക്കാം എന്നും പറഞ്ഞിരുന്നു. മറ്റുള്ളതൊന്നും ഞാന്‍ പറഞ്ഞതല്ല.
എന്നെയും ഞാന്‍ നിലകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളേയും സ്‌നേഹിച്ച ജനങ്ങള്‍ക്കിടയില്‍ നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ അത് ഞാന്‍ എന്നെത്തന്നെ മറക്കുന്നതിന് തുല്യമായിരിക്കും. എല്ലാവരുടേയും സ്‌നേഹത്തിനും കരുതലിനും നന്ദിയും അഭിവാദ്യങ്ങളും…”
കെ. സുരേഷ് കുറുപ്പ്