KeralaNEWS

പരിസ്ഥിതി ലോല മേഖല: സർക്കാരി​ന്റേത് കുറ്റകരമായ അനാസ്ഥ: കെ.സി. ജോസഫ്

കോട്ടയം: പരിസ്ഥിതി ലോല മേഖല നിർണയം സംബന്ധിച്ച് സംസ്ഥാന ഗവൺമെന്റ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കോൺഗ്രസ്സ് രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ മന്ത്രിയുമായ കെ.സി. ജോസഫ്. വിദഗ്ദ സമിതിയുടെ കാലാവധി നീട്ടിയത് സ്വാഗതാർഹമാണ്. അതോടൊപ്പം സമയബന്ധിതമായി സർവേ നടപടികൾ പൂർത്തിയാക്കാൻ നടപടിയും സ്വീകരിക്കണം. സർവേ സംബന്ധിച്ച് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത കുടുംബശ്രീ യൂണിറ്റുകളെക്കൊണ്ട് അതു നടത്തുവാനുള്ള തീരുമാനം പിൻവലിക്കണം. പകരം ബഫർസോൺ പരിധിയിൽ വരുന്ന ഇരുപത്തിമൂന്ന് വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള 115 പഞ്ചായത്തുകളിലെ പഞ്ചായത്ത് പ്രസിഡ​ന്റ് കൺവീനറായി കൃഷി ഓഫീസർ, വില്ലേജ് ഓഫിസർ, ഫോറസ്റ്റ് ഓഫീസർ എന്നിവർ അംഗങ്ങളായി ഒരു സമിതിയെ അടിയന്തിരമായി നിയോഗിച്ച് ബന്ധപ്പെട്ടവരിൽ നിന്നും തെളിവുകൾ ശേഖരിച്ചു പ്രാഥമിക റിപ്പേർട്ട് തയ്യാറാക്കണമെന്ന് കെ.സി. ജോസഫ് ആവശ്യപ്പെട്ടു.

കസ്തുരി രംഗൻ കമ്മറ്റി സംബന്ധിച്ച് ഉമ്മൻ ചാണ്ടി സർക്കാർ പഞ്ചായത്ത് തല സമിതി രൂപീകരിച്ചു വിശദമായ പ്രാദേശിക പഠനത്തിന് ശേഷം തയാറാക്കിയ ഉമ്മൻ വി ഉമ്മൻ കമ്മറ്റി റിപ്പോർട്ടിൽ പറയുന്നത് പോലെ ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, പട്ടയഭൂമി എന്നിവയെ പൂർണമായും ഒഴിവാക്കി സീറോ ബഫർ സോൺ നിർണയിക്കാൻ നടപടികൾ സ്വീകരിക്കുന്നതാണ് പ്രായോഗികം. ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, കൃഷിഭൂമി, പട്ടയഭൂമി എന്നിവ കൃത്യമായി മാർക്ക് ചെയ്യാത്ത റിമോട്ട് സെൻസിംഗ് സെന്ററിന്റെ പഠന റിപ്പോർട്ട് ഒരിക്കലും അടിസ്ഥാന രേഖയാക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ഈ കാര്യത്തിൽ മലയോര മേഖലയിലെ ജനങ്ങളെ വിശ്വാസത്തിലെടുത്ത് പരിഹാരം നിർദ്ദേശിക്കാൻ സർക്കാർ തയ്യാറാകണം. ജനങ്ങളുടെ പ്രയാസങ്ങൾ ചൂണ്ടിക്കാണിക്കാനും അതിനു വേണ്ടി നിലപാടുകൾ സ്വീകരിക്കുവാനും തയ്യാറായ കെ സി ബി സി യെ കുറ്റപ്പെടുത്തുന്ന വനം മന്ത്രിയുടെ നിലപാട് നിർഭാഗ്യകരമാണ്. പ്രശ്നങ്ങളുടെ ന്യായാന്യായങ്ങൾ പരിശോധിക്കുന്നതിനു പകരം അതു ചൂണ്ടിക്കാണിക്കുന്നവരെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്ന മന്ത്രിയുടെ നിലപാടിനോട് യോജിക്കാൻ കഴിയില്ല . ഇത് സംബന്ധിച്ച് വനം മന്ത്രി ഇന്ന് നടത്തിയ പ്രസ്താവന സർക്കാരിന്റെ പരാജയ സമ്മതമാണെന്ന് കെ.സി. ജോസഫ് പറഞ്ഞു.

Back to top button
error: