തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നടപടി. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സര്‍ക്കുലറയച്ചു. രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാള്‍ മാത്രം തുടങ്ങി ആശുപത്രികളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍.
മെഡിക്കല്‍ കോളേജുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കി. രോഗിക്കൊപ്പം ഇനി മുതല്‍ ഒരു സമയം ഒരാളെ മാത്രമെ കൂട്ടിരിപ്പിന് അനുവദിക്കൂ. ഇത്തരത്തില്‍ രണ്ടുപേര്‍ക്ക് മാറി മാറി ഇരിക്കാം. ഇവര്‍ക്ക് പ്രത്യേകം പാസ് അനുവദിക്കും. പാസ് കൈമാറ്റം ചെയ്യാനോ ആശുപത്രിയിലുള്ള അനാവശ്യ സഞ്ചാരങ്ങളോ അനുവദിക്കില്ല. പാസില്ലാതെ വാര്‍ഡുകളിലെത്തുന്നവരെ കണ്ടെത്തിയാല്‍ സുരക്ഷാ ജീവനക്കാര്‍ പോലീസിനെ വിവരമറിയിക്കണം.
ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചാല്‍ കർശന നടപടിയുണ്ടാകുമെന്ന് ബോധ്യപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് രോഗികളും കൂട്ടിരിപ്പുകാരും മനസിലാക്കിയാൽ മാത്രമേ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ കുറയൂവെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.