കട്ടപ്പന: വാഴവരയില്‍ ജനവാസ മേഖലയിലിറങ്ങിയ പുലിയുടെ ആക്രമണത്തില്‍ പശുക്കിടാവിന് പരുക്കേറ്റു. പള്ളിനിരപ്പേല്‍ കണ്ടത്തില്‍ ജോണ്‍ ദേവസ്യയുടെ തൊഴുത്തില്‍ നിന്ന കിടാവിനാണ് പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ തൊഴുത്തില്‍ നിന്ന് കിടാവിന്റെ അലര്‍ച്ച കേട്ടെന്നും രാവിലെ നോക്കിയപ്പോള്‍ കിടാവ് ചോര വാര്‍ന്ന നിലയില്‍ കാണുകയായിരുന്നെന്നും ജോണ്‍ പറഞ്ഞു.
വന്യ മൃഗം അക്രമിച്ചതാണെന്ന് സംശയമുണ്ടായതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. അയ്യപ്പന്‍ കോവില്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വാഴവര പള്ളിസിറ്റിയില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി കടുവയെ കണ്ടതായി വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലായി. വെള്ളിയാഴ്ച രാവിലെ കണ്ടത്തില്‍ ജോണിന്റെ കിടാവിനെ പരിക്കേറ്റനിലയില്‍ കണ്ടെത്തിയതോടെ സംശയം ബലപ്പെട്ടു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടും ആക്രമിച്ചത് പുലിയാണെന്ന് സ്ഥിരീകരിക്കാനായില്ല. ഒടുവില്‍ തേക്കടിയില്‍ നിന്ന് ഫോറെസ്റ്റ് വെറ്റിനറി അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അനുരാജ് സ്ഥലത്ത് എത്തി കിടാവിന്റെ മുറിവ് പരിശോധിച്ചശേഷമാണ് പുലിയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്.കഴുത്തിന് ആഴത്തില്‍ പരിക്കേറ്റ കിടാവ് രക്ഷപെടാന്‍ സാദ്ധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു.