തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ സി.ഐ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്തുവന്നു. സി.ഐ: ജയസനില്‍ യുവാവിനെ ക്വാര്‍ട്ടേഴ്‌സിലെത്തിച്ചവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദേശത്തുള്ള സഹോദരനുമായി യുവാവ് വീഡിയോ കോള്‍ ചെയ്യുന്നതിനിടയില്‍ യുവാവിന്റെ കവിളില്‍ സി.ഐ ചുംബിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വകുപ്പുതല അന്വേഷണം നേരിടുന്ന സി.ഐക്കെതിരേ ഈ സംഭവത്തില്‍ കേസ് എടുക്കാന്‍ റുറല്‍ എസ്.പി നിര്‍ദേശം നല്‍കി. എസ്.പിയുടെ നിര്‍ദേശാനുസരണം കേസ് അന്വേഷിക്കാന്‍ പ്രത്യക സംഘത്തെ രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്‍സനാണ് അന്വേഷണ ചുമതല.
കഴിഞ്ഞ ഒക്ടോബര്‍ 19ന് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ യുവാവിനെ അയിരൂര്‍ പോലീസ് സ്റ്റേഷനില്‍ സി.ഐ ആയിരുന്ന ജയസനല്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പോക്‌സോ കേസിലുള്‍പ്പെട്ട ശേഷം വിദേശത്തേക്ക് കടന്ന യുവാവിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടുമെന്നു ഭീഷണിപ്പെടുത്തി സി.ഐ നാട്ടില്‍ എത്തിക്കുകയായിരുന്നു. ഒരു അഭിഭാഷകന്റെ മധ്യസ്ഥതയില്‍ കേസ് ഒത്തുതീര്‍പ്പ് ആക്കാമെന്നും ഇതിന് നാല് ലക്ഷം രൂപ നല്‍കണമെന്നും യുവാവിന്റെ സഹോദരനോട് സി.ഐ ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, നാല് ലക്ഷം രൂപ നല്‍കാനുള്ള സാമ്പത്തിക ചുറ്റുപാട് തനിക്കെല്ലെന്ന് വ്യക്തമാക്കിയ യുവാവ് 65,000 രൂപ അഭിഭാഷകന് അക്കൗണ്ട് വഴി അയച്ചു നല്‍കി.
ഒക്ടോബര്‍ 18ന് ഉച്ചയോടെ വിദേശത്ത് നിന്നും വീട്ടില്‍ എത്തിയ യുവാവ് വക്കീല്‍ മുഖേന സി.ഐയെ ബന്ധപ്പെട്ടു. നാട്ടില്‍ എത്തിയത് ആരും അറിയരുതെന്നും ഫോണില്‍ ആരോടും സംസാരിക്കരുതെന്നും വക്കീല്‍ മുഖേനെ യുവാവിനെ ധരിപ്പിച്ചു. രാത്രി എട്ടോടെ സി.ഐയുടെ താമസ സ്ഥലത്ത് എത്തണമെന്നും 50,000 നല്‍കണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ച് പണവുമായി യുവാവ് ക്വാര്‍ട്ടേഴ്‌സിലെത്തി.
മൊബൈല്‍ ഫോണ്‍ എടുക്കാതെ വരണമെന്ന് പ്രത്യകം നിര്‍ദേശിച്ചിരുന്നു. ഏറെനേരം സംസാരിച്ചിരുന്ന ശേഷം രാത്രി യുവാവിനോട് സി.ഐക്കൊപ്പം വീട്ടില്‍ തങ്ങാന്‍ അവശ്യപ്പെട്ടുവെന്നും രാത്രി സി.ഐയുടെ സ്വഭാവ രീതി മാറുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
എന്നാല്‍, വാക്ക് നല്‍കിയ പോലെ സിഐ പോക്‌സോ കേസ് പിന്‍വലിച്ചില്ല. പിറ്റേന്ന് പുലര്‍ച്ചെ യുവാവിനെ സ്റ്റേഷനില്‍ എത്തിക്കുകയും പോക്‌സോ കേസില്‍ റിമാന്‍ഡ് നടപടികള്‍ സ്വീകരിച്ചു. മൂന്നാമത്തെ ദിവസം പോക്‌സോ കേസില്‍ ചാര്‍ജ് ഷീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ താന്‍ പീഡനത്തിന് ഇരയായ വിവരം പ്രതി തന്റെ ഭാര്യയോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. പിന്നീട് ഇയാളുടെ ജാമ്യം പരിഗണിക്കുന്നതിനിടയില്‍ കോടതിയിലും ഇക്കാര്യം അറിയിച്ചു. ജാമ്യം കിട്ടിയ തിങ്കളാഴ്ച ഇയാള്‍ അയിരൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
സി.ഐക്കെതിരെ മുമ്പും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ടെന്നാണ് മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരം. എന്നാല്‍, ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് അതില്‍ നിന്നെല്ലാം രക്ഷപ്പെടുകയായിരുന്നു.