തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നതിനിടെ നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. ക്രിസ്മസ് വിരുന്നിനായി മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്ഷണിച്ചിരുന്നു. പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനം. എന്‍റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണെന്നും ഗവർണർ പറഞ്ഞു. പക്ഷെ നിയമം അനുസരിച്ചായിരിക്കണം. വ്യക്തിപരമായ താത്പര്യങ്ങൾ ഇല്ല. ചാന്‍സലര്‍മാര്‍ക്കുള്ള കാരണംകാണിക്കൽ നോട്ടീസിലെ തുടർനടപടികൾ കോടതിയുടെ തീരുമാനം അനുസരിച്ചാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
ചാൻസലർ നിയമനം സംബന്ധിച്ച് നിയമസഭ പാസാക്കിയ ബില്ല് കാണാതെ അക്കാര്യത്തിൽ അഭിപ്രായം പറയാനാകില്ല. ബില്ല് ആദ്യം പരിശോധിക്കട്ടെ. തനിക്ക് എതിരെയാണോ ബില്ല് എന്നതല്ല വിഷയം. നിയമത്തിന് എതിരെ ആകരുത്. നിയമം അനുശാസിക്കുന്നതിനോട് യോജിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, ചാൻസലർ ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയയ്ക്കുമോ എന്നാണ് സർക്കാർ ഉറ്റുനോക്കുന്നത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്രിസ്മസ് വിരുന്നിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിട്ടുനിന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്പീക്കർ എ.എൻ. ഷംസീറും വിരുന്നിനെത്തിയില്ല. തലസ്ഥാനത്തിന് പുറത്ത് നേരത്തേ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലാണ് സ്പീക്കർ വിരുന്നിൽ പങ്കെടുക്കാതിരുന്നതെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.
അതേസമയം, ചീഫ് സെക്രട്ടറിയും ഡി.ജി.പിയും വിവിധ വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടെയുള്ളവർ വിരുന്നിനെത്തി. കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ജോസഫ് മാർ ഗ്രിഗോറിയോസ്, മാർ ജോസഫ് പെരുന്തോട്ടം, ജോഷ്വ മാർ ഇഗ്നാത്തിയോസ്, ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ, മാത്യൂസ് മാർ സിൽവാനോസ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു.