ടെഹ്റാന്: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട 23 വയസുകാരന് മജിദ്റെസ റഹ്നാവാദ് അന്ത്യാഭിലാഷമായി നല്കിയ നിര്‍ദേശങ്ങള്‍ പുറത്ത്. ആരും തന്റെ മരണത്തില്‍ വിലപിക്കരുതെന്നും കബറിന് മുന്നില്‍ ഖുറാന് വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുതെന്നും മരണം ആഘോഷിക്കുകയാണ് വേണ്ടതെന്നും റഹ്നാവാദ് ആവശ്യപ്പെടുന്ന വീഡിയോയാണ് പുറത്തുവന്നത്. തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പ് ചിത്രീകരിച്ച വീഡിയോയാണിത്.
മഷ്ഹാദ് നഗരത്തില്‍ തിങ്കളാഴ്ച തൂക്കിലേറ്റിയ റഹ്നാവാദിന്റെ ഈ വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് പുറത്തുവന്നത്. മുഖംമൂടി ധരിച്ച രണ്ട് കാവല്‍ക്കാര്‍ക്കൊപ്പം കണ്ണ് കെട്ടിയാണ് വീഡിയോയില്‍ റഹ്നാവാദ് സംസാരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പും സധൈര്യം സംസാരിക്കുന്ന റഹ്നാവാദിന്റെ വീഡിയോ മനുഷ്യാവകാശ പ്രവര്‍ത്തകയും ബെല്‍ജിയന്‍ പാര്‍ലമെന്റ് എംപിയുമായ ധര്യ സഫായിയാണ് ട്വീറ്റ് ചെയ്തത്.
”എന്റെ മരണത്തില്‍ ആരും വിലപിക്കരുത്. ശവകുടീരത്തിന് മുന്നില്‍ ഖുറാന് വായിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യരുത്. ആഘോഷം മതി. ആഘോഷ ഗീതങ്ങളും മുഴങ്ങണം”- വീഡിയോയില്‍ റഹ്നാവാദ് പറയുന്നു.
Just before he’s hanged on Dec.12 by Iran's regime,they interrogate #MajidrezaRahnavard
His last words:I don't want Quran to be read or prayed on my grave,just celebrate
Sharia law is the reason he’s gone
His verdict:War with AllahOnly because he demonstrated for his rights pic.twitter.com/1uQpYhpGIq
— Darya Safai MP (@SafaiDarya) December 15, 2022
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ രണ്ട് സുരക്ഷാ ഭടന്മാരെ കുത്തിക്കൊല്ലുകയും നാലു പേരെ പരുക്കേല്‍പ്പിക്കുകയും ചെയ്തെന്ന കുറ്റം ചുമത്തിയാണ് റഹ്നാവാദിനെ തൂക്കിലേറ്റിയത്. വധശിക്ഷ വിധിച്ച് ദിവസങ്ങള്‍ക്കകം തന്നെ ശിക്ഷ നടപ്പാക്കി. റഹ്നാവാദിനെ തൂക്കിക്കൊന്ന ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബത്തെ പോലും അധികൃതര്‍ വിവരം അറിയിച്ചതെന്നും ആക്ഷേപമുണ്ട്. സുരക്ഷാ ഭടന്മാരെ ആക്രമിച്ചുവെന്ന കുറ്റം ചുമത്തി പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റൊരു യുവാവിനേയും ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ തൂക്കിക്കൊന്നിരുന്നു.
ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണംപറഞ്ഞ് മതപോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് വംശജയായ മഹ്സ അമിനി എന്ന യുവതി സെപ്റ്റംബര്‍ 16-ന് മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ വലിയ പ്രക്ഷോഭം ആരംഭിച്ചത്. നൂറു കണക്കിനു പേര് വിവിധയിടങ്ങളിലുണ്ടായ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പട്ടു.