ശബരിമലയിലെത്തുന്ന തീർഥാടകർ നേരിടുന്ന പ്രധാന പ്രശ്നമാണ് മൊബൈൽഫോണിന് റേഞ്ചില്ലെന്നത്. പ്രത്യേകിച്ച് എരുമേലിയിൽനിന്ന് കാനനപാതയിലൂടെയെത്തുന്ന ഭക്തർ മണിക്കൂറുകളോളം പുറംലോകവുമായുള്ള ബന്ധം ഇല്ലാതെയാണ് യാത്ര ചെയ്യുന്നത്. ഇതിന് പരിഹാരമൊരുക്കുകയാണ് വനം വകുപ്പ്. അവശ്യവിവരങ്ങൾ ഉൾപ്പടുത്തിയ വനംവകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഉടൻതന്നെ ലഭ്യമാകും.
സന്നിധാനത്തേക്ക് വരാൻ സത്രക്കടവ് വഴിയുള്ള പുല്ലുമേട് പാത, എരുമേലിയിൽനിന്നുള്ള കരിമലപ്പാത, മണ്ണാറക്കുളഞ്ഞിയിൽനിന്നുള്ള പാത എന്നിവയാണുള്ളത്. ഈ പാതകളിലൂടെ പമ്പയിലേക്ക് വരുന്ന അയ്യപ്പൻമാർക്ക് പമ്പയിലെത്തും മുമ്പ് കിട്ടേണ്ട വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാക്കും. വന്യജീവികളുടെ സാന്നിധ്യമുണ്ടെങ്കിൽ അപ്പോൾത്തന്നെ വിവരം ലഭ്യമാക്കും. കരിമല, പുല്ലുമേട് പാതയിൽ ആനകളുടെ സഞ്ചാരപ്പാതകൾ എവിടെയൊക്കെയാണെന്നും ആനകൾ ഉണ്ടാവാനുള്ള സമയവും അറിയിക്കും. വനത്തിൽ നിൽക്കുന്ന സ്ഥലത്തു നിന്ന് സന്നിധാനത്തേക്ക് എത്ര ദൂരമുണ്ടെന്നും ഭക്ഷണശാലകൾ, ശൗചാലയസൗകര്യങ്ങൾ തുടങ്ങിയവ എവിടെയൊക്കെയുണ്ടെന്നും അറിയാം.