കമ്പാല: ഹിപ്പോ ജീവനോടെ വിഴുങ്ങിയ രണ്ടു വയസുകാരന് അത്ഭുതകരമായ രക്ഷപ്പെടല്‍. ഉഗാണ്ടയിലെ കത്വെ കബറ്റോറോ പട്ടണത്തില്‍ ഞായറാഴ്ചയാണ് സംഭവം. എഡ്വേര്‍ഡ് തടാകക്കരയിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. ഇവിടേയ്ക്ക് വിശന്നെത്തിയ ഹിപ്പോ കൂറ്റന്‍ താടിയെല്ലുകള്‍ ഉപയോഗിച്ച് കുഞ്ഞിനെ ഉയര്‍ത്തി വിഴുങ്ങുകയായിരുന്നു.
എന്നാല്‍, സ്ഥലത്തുണ്ടായിരുന്നവര്‍ കൂറ്റന്‍ പാറക്കഷ്ണങ്ങളുപയോഗിച്ച് ഹിപ്പോയെ എറിയാന്‍ ആരംഭിച്ചതോടെ കുഞ്ഞിനെ തിരികെ ഛര്‍ദിച്ചു. പിഞ്ചുകുഞ്ഞിനെ ഹിപ്പോ ആക്രമിക്കുന്ന ആദ്യത്തെ സംഭവമാണിതെന്ന് പോലീസ് പറഞ്ഞു. ഹിപ്പോയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേവിഷബാധയ്ക്കുള്ള വാക്സിന് നല്കിയ ശേഷം കുഞ്ഞിനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
ആഫ്രിക്കയില്‍ വര്‍ഷം തോറും അഞ്ഞൂറോളം പേര് ഹിപ്പോയുടെ ആക്രമണത്താല്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഹിപ്പോയുടെ ആക്രമണം മാരകമാകാനുള്ള സാദ്ധ്യത 29% മുതല്‍ 87% വരെയാണെന്നാണ് ഓക്സ്ഫോര്‍ഡ് മെഡിക്കല്‍ കേസ് റിപ്പോര്‍ട്ട്സ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്.