‘മഞ്ഞ്’ റിലീസ് ചെയ്‌തിട്ട് 39 വർഷം, സ്ത്രീ കേന്ദ്രകഥാപാത്രമായ ‘മഞ്ഞ്’ വള്ളുവനാടൻ ഭാഷയോ നായർ തറവാടോ പശ്ചാത്തലമായി വരാത്ത എം.ടിയുടെ കഥ
സിനിമ ഓർമ്മ
1983 ഡിസംബർ 9 ന് റിലീസ് ചെയ്‌ത ചിത്രമാണ് മഞ്ഞ്. എം ടി വാസുദേവൻനായർ തന്റെ അതേ പേരിലുള്ള നോവൽ സിനിമയാക്കുകയായിരുന്നു. അടൂർ ചിത്രങ്ങൾ പലതും നിർമ്മിച്ച പ്രശസ്‌തനായ ജനറൽ പിക്‌ചേഴ്‌സ് രവിയാണ് നിർമ്മാണം. സംവിധാനം എം.ടി വാസുദേവൻനായർ.
ഒറ്റപ്പെടലിന്റെയും കാത്തിരിപ്പിന്റെയും വ്യർത്ഥതകളും, തണുത്തുറഞ്ഞ മനസുകളുടെ വ്യാമോഹങ്ങളുടെയും കഥയാണ് മഞ്ഞ്. എങ്ങും പോകാനില്ലാത്ത വിമലടീച്ചറും ഒരിക്കലും വരാനിടയില്ലാത്ത അച്ഛനെ കാത്തിരിക്കുന്ന ബുദ്ധുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലായിരുന്നു ചിത്രീകരണം. ഗാനങ്ങൾ എല്ലാം ഹിന്ദിയിൽ. വരികൾ ഗുൽസാർ. സംഗീതം എം.ബി ശ്രീനിവാസൻ.
സ്ത്രീ കേന്ദ്രകഥാപാത്രമാവുന്ന എം.ടി വാസുദേവൻനായരുടെ ഒരേയൊരു നോവലാണ് മഞ്ഞ്. 1964ലായിരുന്നു പ്രസിദ്ധീകരണം. വള്ളുവനാടൻ ഭാഷയോ നായർ തറവാടോ പശ്ചാത്തലമായി വരാത്ത എം.ടി നോവലും ഇത് തന്നെ. ഹിന്ദി എഴുത്തുകാരൻ നിർമ്മൽ വർമ്മയുടെ ഒരു ഹിന്ദി നോവൽ എം.ടി വാസുദേവൻ നായരെ സ്വാധീനിച്ചു എന്ന് അന്ന് ആരോപണങ്ങളുണ്ടായിരുന്നു. എം.ടിയും വർമ്മയും സാഹിത്യമോഷണം നിഷേധിച്ചു.
ഹിന്ദിയിൽ ‘മഞ്ഞി’ന് റീമേക്ക് ഉണ്ടായി. ശരത് സന്ധ്യ എന്ന പേരിൽ. ചിത്രം പരാജയമായിരുന്നു.
സമ്പാദകൻ: സുനിൽ കെ. ചെറിയാൻ