കൊച്ചി: മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ എണ്ണത്തിന് പരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ് എന്നിവരുടെ സ്റ്റാഫിന്റെ നിയമന കാര്യത്തിലും ഇത് ബാധകമാണ്. കണക്കില്ലാത്ത ആളുകളെ സ്റ്റാഫില്‍ നിയമിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു.
അതേസമയം, മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിന്റെ നിയമനത്തിന് മാനദണ്ഡം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. പഴ്‌സനല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പ്രത്യേക ചട്ടം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. പഴ്‌സനല്‍ സ്റ്റാഫ് നിയമനം സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കോടതി പറഞ്ഞു.
മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. നിയമനം പി.എസ്.സി വഴി ആക്കണമെന്നും രണ്ടു വര്‍ഷം മാത്രം ജോലി ചെയ്തവര്‍ക്കു പെന്‍ഷന്‍ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പഴ്സനല്‍ സ്റ്റാഫ് വിശ്വസ്തര്‍ ആയിരിക്കണമെന്നത് തള്ളാനാവാത്ത കാര്യമാണെന്ന് കോടതി പറഞ്ഞു. പഴ്സനല്‍ സ്റ്റാഫിനെ നിയമിക്കുന്നത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. നിയമനം പി.എസ്.സി വഴി ആക്കണമെന്ന വാദം പരിഗണിക്കാനാവില്ലെന്ന് കോടതി അറിയിച്ചു.