CrimeNEWS

കടയില്‍നിന്ന് പണം മോഷ്ടിച്ച പോലീസ് അസോ. നേതാവിന് സസ്‌പെന്‍ഷന്‍

ഇടുക്കി: വ്യാപാരസ്ഥാപനത്തിലെ പെട്ടിയില്‍നിന്ന് പണം മോഷ്ടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍. പോലീസ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ സി.പി.ഒ സാഗര്‍ പി. മധുവിനെയാണ് ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരേ കൂടുതല്‍ അന്വേഷത്തിനും ഉത്തരവുണ്ട്.

കഴിഞ്ഞ 24 ന് പാമ്പനാര്‍ ടൗണിലെ വ്യാപാര സ്ഥാപനത്തിലെ പണപ്പെട്ടിയില്‍നിന്ന് 1000 രൂപ മോഷ്ടിച്ച സാഗറിനെ കടയുടമ കൈയോടെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇദ്ദേഹത്തെ തടഞ്ഞുവെച്ചതോടെ 40,000 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിക്കുകയും 5000 രൂപ രൊക്കം നല്‍കി തടിയൂരുകയും ചെയ്തു. ഉന്നതതലത്തില്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സ്‌പെഷല്‍ ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

Signature-ad

തുടര്‍ന്ന്, പെരിയാറില്‍ ശബരിമല മെസിന്റെ സ്പെഷല്‍ ഡ്യൂട്ടിയിലായിരുന്ന സാഗറിനെ ഇടുക്കി എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. ഉന്നത ഉദ്യോഗസ്ഥരും സ്പെഷല്‍ ബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിക്കാനത്തെ കടയില്‍നിന്ന് പണം മോഷ്ടിച്ചതായും പോലീസ് വെരിഫിക്കേഷന്റെ പേരില്‍ പലരില്‍നിന്നും ഗൂഗിള്‍ പേ വഴി 500 രൂപ വീതം വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

സ്പെഷല്‍ ബ്രാഞ്ച് കഴിഞ്ഞ ദിവസം പാമ്പനാറ്റിലെ കടയുടമയുടെ മൊഴി എടുത്തിരുന്നു. പീരുമേട് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സാഗര്‍ ഒരിക്കല്‍ പാമ്പനാറ്റിലെ കടയില്‍നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തതോടെയാണ് ഇവിടുത്തെ പതിവ് സന്ദര്‍ശകനായത്.

പലപ്പോഴും കടയുടമയില്‍നിന്ന് പടിവാങ്ങുന്നതിന് പുറമെ പണപ്പെട്ടിയില്‍നിന്ന് മോഷണവും നടത്തി. പോലീസുകാരന്‍ വന്നുപോകുമ്പോള്‍ പണപ്പെട്ടിയില്‍ പണം കുറയുന്നതായി ശ്രദ്ധയില്‍പെട്ടതോടെ കടയുടമ നിരീക്ഷിക്കാന്‍ തുടങ്ങി. കഴിഞ്ഞ 24ന് കടയിലെത്തിയ ഇയാള്‍ ആവശ്യപ്പെട്ടത് പ്രകാരം കടയുടമ നാരങ്ങവെള്ളം എടുക്കുന്നതിനിടെ പണപ്പെട്ടിയില്‍നിന്ന് 1000 രൂപ എടുക്കുകയും കൈയോടെ പിടിയിലാകുകയുമായിരുന്നു.

 

Back to top button
error: