IndiaNEWS

പ്രണോയ് റോയിക്കും രാധികാ റോയിക്കും പിന്നാലെ രവീഷ് കുമാറും എന്‍.ഡി.ടി.വി വിട്ടു

മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാര്‍ എന്‍.ഡി.ടി.വിയില്‍ നിന്ന് രാജിവെച്ചു. എന്‍.ഡി.ടി.വി.യുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍.ആര്‍.പി.ആറിന്റെ (രാധികാ റോയ് പ്രണോയ് റോയ് ഹോള്‍ഡിങ് ലിമിറ്റഡ്) ഓഹരികള്‍ വി.സി.പി.എലിനു കൈമാറിയതിനുപിന്നാലെ പ്രണോയ് റോയിയും രാധികാ റോയിയും എന്‍.ഡി.ടി.വിയിലെ ബോര്‍ഡ് അംഗത്വം രാജിവെച്ചിരുന്നു. പുതിയ ഉടമകളായ അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളായി മൂന്ന് ഡയറക്ടര്‍മാര്‍ ബോര്‍ഡിലെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് എന്‍.ഡി.ടി.വിയുടെ ഹിന്ദി പതിപ്പിന്റെ മുഖമായിരുന്ന രവീഷ് കുമാര്‍ രാജിവെച്ചത്. എന്‍.ഡി.ടി.വി. സീനിയര്‍ എകിസ്‌ക്യുട്ടീവ് എഡിറ്ററുമായിരുന്ന രവീഷ് കുമാര്‍ മാഗ്സസെ അവാര്‍ഡ് ജേതാവാണ്.

സുദീപ്ത ഭട്ടാചാര്യ, സെന്തില്‍ ചെങ്കല്‍വരയന്‍, സഞ്ജയ് പുഗലിയ എന്നിവരാണ് അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളായി എന്‍.ഡി.ടി.വി. ബോര്‍ഡിലെത്തിയത്. ചാനലിനെ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിപ്രതീക്ഷിക്കാമെന്നാണ് എന്‍.ഡി.ടി.വി. വൃത്തങ്ങള്‍ പറയുന്നത്.

Signature-ad

അദാനി ഗ്രൂപ്പിന്റെ വടക്കേ അമേരിക്കന്‍ വിഭാഗത്തില്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസറാണ് പുതുതായി ബോര്‍ഡിലെത്തിയ സുദീപ്ത ഭട്ടാചാര്യ. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സി.എന്‍.ബി.സി. ആവാസ് സ്ഥാപകരിലൊരാളുമായ സഞ്ജയ് പുഗലിയ. ബ്ലൂംബെര്‍ഗ് ക്വിന്റിനെ ഏറ്റെടുത്തതോടെയാണ് അദ്ദേഹം അദാനിഗ്രൂപ്പിന്റെ ഭാഗമായത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സെന്തില്‍ ടി.വി. 18 സ്ഥാപക എഡിറ്ററായിരുന്നു. അദാനി ഗ്രൂപ്പിന് 49 ശതമാനം ഓഹരികളുള്ള ക്വിന്റിലിയണ്‍ ബിസിനസ് മീഡിയയില്‍ ഡയറക്ടര്‍മാരാണ് ഇരുവരും.

 

Back to top button
error: