ചൈനയില്‍ പ്രതിദിന കോവിഡ് രോഗികള്‍ 42,000 കടന്നു. ഇതില്‍ 38082 പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്നതില്‍ ചൈനയില്‍ ആശങ്ക തുടരുകയാണ്. എന്നാല്‍ മരണസംഖ്യ ഉയരാത്തതിന്റെ ആശ്വാസവും ജനങ്ങൾക്കുണ്ട്. പുതുതായി ഒരു കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
സര്‍ക്കാരിന്റെ കടുത്ത കൊവിഡ് നിയന്ത്രണങ്ങളില്‍ പൊറുതി മുട്ടിയ ചൈനീസ് ജനത പ്രക്ഷോഭവുമായി തെരുവിലിറങ്ങി. ഞായറാഴ്ച പുലര്‍ച്ചെ ഷാങ്ഹായില്‍ തെരുവുകളില്‍ പ്രതിഷേധം അരങ്ങേറി. സര്‍ക്കാറിന്റെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെയും, ചൈനീസ് സര്‍ക്കാറിനെതിരെയും പ്രക്ഷോഭകര്‍ മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്. ഷാങ്ഹായിയിൽ ആരംഭിച്ച പ്രതിഷേധം തലസ്ഥാന നഗരമായ ബെയ്ജിങ്ങിലേക്കും വ്യാപിച്ചു. പ്രസിദ്ധമായ നാൻജിങ്, സിംഗ്വാ സർവകലാശാലകളിൽ വിദ്യാർഥികളുടെ പ്രതിഷേധവും ശക്തമായി. തുടർന്ന് ജനുവരിയിൽ തുടങ്ങേണ്ട അവധിക്കാലം നേരത്തെയാക്കി വിദ്യാർഥികൾക്കു വീട്ടിൽ പോകാൻ അനുമതി നൽകി.
ഉറുംഖിയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ വെന്തുമരിച്ചതാണ് പ്രക്ഷോഭം പെട്ടെന്ന് പൊട്ടിപുറപ്പെടാന്‍ കാരണം. സംഭവത്തില്‍ 9 പേര്‍ക്ക് പൊള്ളലേറ്റിരുന്നു. കൊവിഡ് നിയന്ത്രണങ്ങളാണ് മരണം വര്‍ദ്ധിപ്പിച്ചത് എന്നാണ് ആരോപണം.
ചൈനയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കര്‍ഫ്യൂ കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ഉറുംഖി. ഇവിടെ 40 ലക്ഷത്തോളം പേര്‍ 100 ദിവസം വരെ വീടുകളില്‍ നിന്നും പുറത്തിറങ്ങിയിട്ടില്ല.
പ്രസിഡന്റ് ഷി ജിൻ പിങ് സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ട് നടക്കുന്ന ചൈനയിലെ പ്രതിഷേധങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് ലണ്ടൻ, പാരിസ്, ടോക്കിയോ തുടങ്ങിയ വിദേശ നഗരങ്ങളിലും പ്രകടനങ്ങൾ അരങ്ങേറി. ഷാങ്ഹായ് നഗരത്തിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ തങ്ങളുടെ റിപ്പോർട്ടറെ മർദിക്കുകയും വിലങ്ങണിയിച്ച് മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ചെയ്തതായി ബി.ബി.സി പരാതിപ്പെട്ടു.
കോവിഡ് ബാധിതരെ നിർബന്ധിതമായി മെഡിക്കൽ ഷെൽട്ടറുകളിലേക്കു മാറ്റുന്നതിനെതിരെ ഷാങ്ഹായ് നഗരത്തിലും വൻ പ്രതിഷേധം നടന്നു. കഴിഞ്ഞ ദിവസങ്ങളിൽ ടിബറ്റിന്റെ തലസ്ഥാനമായ ലാസ, ഗ്വാങ്‌ഡോംഗ്, ഷെങ്‌ഷോ തുടങ്ങിയ നഗരങ്ങളിലും ജനം പ്രതിഷേധിച്ചു.
കോവിഡ് നിയന്ത്രണത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്പോഴും നിയന്ത്രണങ്ങളിൽ സർക്കാർ ഉറച്ചുനിൽക്കുമെന്നു പ്രഖ്യാപിച്ച് ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി ഒന്നാം പേജിൽ ലേഖനം പ്രസിദ്ധീകരിച്ചു.