മുംബൈ: പൊതുവേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി യോഗ ഗുരു ബാബ രാംദേവ്. വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണെന്നായിരുന്നു രാംദേവിന്റെ പരാമര്‍ശം. പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി വെള്ളിയാഴ്ച താനെയില്‍ സംഘടിപ്പിച്ച യോഗ സയന്‍സ് ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു രാംദേവ്. സ്ത്രീകളുടെ പ്രത്യേകയോഗവും ക്യാമ്പിനൊപ്പം സംഘടിപ്പിച്ചിരുന്നു.
പരിപാടിയില്‍ അതിഥിയായെത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന്റെ സാന്നിധ്യത്തിലായിരുന്നു രാംദേവിന്റെ പരാമര്‍ശം. ”സാരിയില്‍ സ്ത്രീകള്‍ സുന്ദരികളാണ്, അമൃതാജിയെ പോലെ സല്‍വാറിലും അവര്‍ സുന്ദരികളാണ്. എന്റെ അഭിപ്രായത്തില്‍ ഒന്നും ധരിച്ചിട്ടില്ലെങ്കിലും സ്ത്രീകള്‍ സുന്ദരികളാണ്”- രാംദേവ് പറഞ്ഞു.
അതിനുമുമ്പ്, അമൃതയുടെ ആരോഗ്യകരമായ ജീവിതശൈലിയേയും ചെറുപ്പമായിരിക്കാന്‍ ചെലുത്തുന്ന ശ്രദ്ധയേയും രാംദേവ് പ്രശംസിച്ചിരുന്നു. ”എപ്പോഴും ചെറുപ്പമായിരിക്കാന്‍ ഇവര്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. ഇനിയൊരു നൂറ് കൊല്ലത്തേക്ക് ഇവര്‍ ഇങ്ങനെ തന്നെ തുടരുമെന്നാണ് എന്റെ വിശ്വാസം. കൃത്യതയോടെയുള്ള ഭക്ഷണം, എല്ലായ്പ്പോഴും സന്തോഷവതിയായിരിക്കാനുള്ള ശ്രമം, ഒരു ശിശുവിന്റെ മുഖത്ത് കാണുന്നതുപോലെയുള്ള പുഞ്ചിരി എപ്പോഴും മുഖത്തുണ്ടായിരിക്കാനുള്ള ശ്രദ്ധ…”, രാംദേവ് കൂട്ടിച്ചേര്‍ത്തു.