ഹൈദരാബാദിൽ പട്ടിക്കുഞ്ഞുങ്ങളോട് കൗമാരക്കാരന്റെ ക്രൂരത. രണ്ട് പട്ടിക്കുഞ്ഞുങ്ങളെ എറിഞ്ഞും, കെട്ടിത്തൂക്കിയും കൊല്ലുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. പ്രതിയായ പത്തൊൻപതുകാരനെതിരെ കേസ് എടുത്തു. എന്നാൽ മാനസികാസ്വാസ്ഥത്തിന് ചികിത്സയിലായതിനാൽ യുവാവിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. കട്ടേദാൻ മേഖലയിലാണ് സംഭവം. കൗമാരക്കാരനെ കൗൺസിലിംഗ് ചെയ്തതായി പോലീസ് അറിയിച്ചു. അതേ സമയം, മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇന്‍സ്റ്റഗ്രാമിലൂടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ പത്തൊന്പതുകാരന് പുറത്ത് വിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നവംബര്‍ 15 നാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ആദ്യ വീഡിയോയില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് നായയെ മപരത്തില്‍ കെട്ടത്തൂക്കി കൊല്ലുന്നതും രണ്ടാമത്തെ വീഡിയോയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിയുന്നതും പിന്നാലെ ജീവനുണ്ടോയെന്ന് തൊഴിച്ച് പരിശോധിക്കുന്നതും കാണാന്‍ കഴിയും. നവംബര്‍ 18നാണ് ക്രൂരത സംബന്ധിച്ച പൊലീസ് പരാതി ലഭിക്കുന്നത്. നേരത്തെ സിറിഞ്ചുകളുടേയും ലഹരി വസ്തുക്കളുടേയും ദൃശ്യങ്ങള്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
ഏതാനും ദിവസം മുന്‍പാണ് യുപിയിലെ ഗാസിയാബാദിൽ 3 യുവാക്കൾ ചേർന്ന് നായയെ കെട്ടിത്തൂക്കി കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ ലോനിയിലുള്ള എലായ്ച്ചിപൂര്‍ മേഖലയിലെ ട്രോണിക് സിറ്റിയിലെ കെട്ടിട നിർമാണം നടക്കുന്ന സ്ഥലത്തായിരുന്നു അതിക്രമം നടന്നത്.
ലോഹ നിര്‍മ്മിതമായ ചങ്ങലയില്‍ നായയുടെ കഴുത്ത് കുരുക്കിയ ശേഷം ഭിത്തിയില്‍ തൂക്കുകയായിരുന്നു. ഇതിന് ശേഷം ചങ്ങല വലിച്ചൂരുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. നായ വേദന താങ്ങാനാവാതെ നിലവിളിക്കുമ്പോള്‍ അക്രമത്തെ ഒപ്പമുള്ളവര്‍ പ്രോല്‍സാഹിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്രൂര മര്‍ദ്ദനത്തിനൊടുവില്‍ നായ ചാവുകയായിരുന്നു. മൂന്ന് മാസം മുന്പുള്ളതാണ് ദൃശ്യങ്ങളെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.