തിരുവനന്തപുരം: നഗരത്തിൽ വീടിന് നേരെ ബോംബേറ്. പുലർച്ചെയുണ്ടായ ആക്രമണത്തിൽ വീട്ടിൽ തീ ആളിപ്പടർന്നെങ്കിലും വീട്ടുകാർ വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. വീട്ടുടമയുടെ പരാതിയിൽ കുടപ്പനക്കുന്ന് സ്വദേശിക്കളായ അമ്മയ്ക്കും മകനുമടക്കം മൂന്ന് പേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. പുലർച്ചെ നാലരക്കാണ് കാറിലെത്തിയ സംഘം പ്രവീൺ ചന്ദ്രൻെറ കവടിയാറിലെ വീട്ടിന് നേരെ ബോംബേറിഞ്ഞത്. കാറിലെത്തിയ അക്രമികൾ പെട്രോൾ ബോംബ് എറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. പെട്രോൾ നിറച്ച കുപ്പിയിൽ പടക്കം കെട്ടിവച്ച് തീ കൊളുത്തി എറിയുകയായിരുന്നു. സ്ഫോടത്തിൽ വീടിന് തീ പിടിച്ചു.
കാർ വിൽപ്പനയുമായി ബന്ധപ്പെട്ട് തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വീട്ടുടമ പ്രവീൺ ചന്ദ്രന്റെ ആരോപണം. പരാതിയിൽ കുടുപ്പനക്കുന്ന് സ്വദേശികളായ അവിനാശ് സുധീർ, അമ്മ ദർശന ജോർജ് ഓണക്കൂർ, തിരിച്ചറിയാനാവാത്ത മറ്റൊരാൾ എന്നിവർക്കെതിരെ കേസെടുത്തു. സ്ഫോടന നിയമ പ്രകാരമാണ് കേസെടുത്തത്. സംഭവ സമയത്ത് ഇവരുടേതെന്ന് കരുതുന്ന കാർ വീടിന് സമീപത്തുകൂടി കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അവിനാശ് സുധീറിനെതിരെ നേരത്തേ കൊവിഡ് കാലത്ത് പൊലീസിനെ ആക്രമിച്ചതിന് പേരൂർക്കട സ്റ്റേഷനിൽ കേസുണ്ട്.
സമാനമായ മറ്റൊരു സംഭവത്തിൽ കണ്ണൂർ തലശ്ശേരി ഇടയിൽ പീടികയിൽ യുവാവിന് വെട്ടേറ്റു. തലശ്ശേരി വടക്കുമ്പാട് ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. യുവാവ് ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ ബസ്സിലെ ജീവനക്കാരനായ യശ്വന്ത് വൈകിട്ട് ട്രിപ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു സംഘം ആളുകൾ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി വെട്ടി പരിക്കേൽപിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ബസ് ജീവനക്കാർ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസ് സംശയിക്കുന്നത്.