മുംബൈ: ജീവനക്കാരെ പിരിച്ചു വിടാൻ തയ്യാറെടുത്ത് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. മൊത്തം ജീവനക്കാരുടെ 4 ശതമാനം പേരെ പിരിച്ചു വിടാനാണ് കമ്പനി തയ്യാറെടുക്കുന്നത്. രാജ്യത്തെ ഏറ്റവും പഴയ ഓൺലൈൻ ഫുഡ് അഗ്രഗേഷൻ ആൻഡ് ഡെലിവറി പ്ലാറ്റ്ഫോമാണ് സൊമാറ്റോ.
കമ്പനിയിൽ നാലര വർഷത്തെ സേവനത്തിന് ശേഷം സഹസ്ഥാപകനായ മോഹിത് ഗുപ്ത വെള്ളിയാഴ്ച രാജിവെച്ചതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യം കമ്പനി അറിയിച്ചത്. സൊമാറ്റോ പിരിച്ചുവിടൽ നടത്തുന്നത് ഇതാദ്യമല്ല, ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോ 2020 മെയ് മാസത്തിൽ ഏകദേശം 520 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. കോവിഡ് പാൻഡെമിക് സമയത്ത് ലോക്ക്ഡൗണിന്റെ ഫലമായി. നേരത്തെ, 2015 ൽ 300 ഓളം ജീവനക്കാരോട് പുറത്ത് പോകാൻ സൊമാറ്റോ പറഞ്ഞിരുന്നു.
സെപ്തംബർ പാദത്തിൽ സൊമാറ്റോയുടെ അറ്റനഷ്ടം 251 കോടി രൂപയായി കുറഞ്ഞു, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഇത് 429.6 കോടി രൂപയായിരുന്നു. വാർഷിക വരുമാനത്തിൽ ബില്യൺ ഡോളർ കടന്ന ആദ്യ പാദമാണിതെന്നും കമ്പനി വെളിപ്പെടുത്തി. അതേസമയം, വരുമാനം 1,024 കോടി രൂപയിൽ നിന്ന് 62.2 ശതമാനം വർധിച്ച് 1,661 കോടി രൂപയായി.