ബുധനാഴ്ച കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലി(IIMF)ൽ പങ്കെടുക്കാൻ വിദേശകലാകാരരും വിദേശീയരായ സംഗീതപ്രേമികളും എത്തിത്തുടങ്ങി. സ്വന്തം രാജ്യങ്ങളിലും ലോകമൊട്ടാകെയും ഏറെ ആരാധകരുള്ള ഗായകരും ബാന്‍ഡുകളും എത്തിച്ചേരുന്നതോടെ കോവളവും ഐഐഎംഎഫും ലോകമെങ്ങുമുള്ള ഇൻഡീ സംഗീതപ്രേമികളുടെ ശ്രദ്ധാകേന്ദ്രം ആകുകയാണ്.
പാപ്പുവ ന്യൂ ഗിനിയുടെ കൾച്ചറൽ അംബാസഡർകൂടിയായ പ്രശസ്ത ഇന്‍ഡീ ഗായകന് ആൻസ്ലോം (Anslom), യുഎസില്‍നിന്നുള്ള ഇന്‍ഡീ ഗായകന് സാമി ഷോഫി (Sami Chohfi) എന്നിവരാണ് ആദ്യം എത്തിയത്. ഇവർ ക്രാഫ്റ്റ്സ് വില്ലേജിൽ റിഹേഴ്സൽ ആരംഭിച്ചതോടെ ഐഐഎംഎഫിൻ്റെ കേളികൊട്ട് ഉയർന്നു.
പാപ്പുവ ന്യൂ ഗിനിയില്‍നിന്നുള്ള ഒരു സംഗീതകലാകാരന് ഇതുപോലൊരു നാട്ടിൽ ഇത്രയും വലിയ വേദി ലഭിക്കുന്നത് വലിയ ആദരവായി കണക്കാക്കുന്നുവെന്ന് കേരളത്തിലേക്കു പുറപ്പെടുംമുമ്പ് ആൻസ്ലോം പറഞ്ഞതായി ആ രാജ്യത്തെ പ്രസിദ്ധീകരണമായ പോസ്റ്റ് കൊറിയർ റിപ്പോർട്ട് ചെയ്തു. ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവല്‍ സംഗീതത്തോടൊപ്പം സംസ്കാരവും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഇത് പാപ്പുവ ന്യൂ ഗിനിയ്ക്കും അനുകരിക്കാമെന്നും ആൻസ്ലോം പറഞ്ഞു. ആൻസ്ലോമിന്റെ അടുത്തിടെ പുറത്തിറങ്ങിയ ‘ഐ വില്‍ ലവ് യൂ’ എന്ന ഗാനം ഏറെ ഹിറ്റായിരുന്നു.
റൊണാള്‍ഡ് നകികസ് എന്ന ആൻസ്ലോം പാപ്യുവ ന്യൂ ഗിനിയിലെ നിരവധി പ്രശസ്ത സംഗീതജ്ഞരോടൊപ്പം ചെറുപ്പം മുതല്‍ പ്രവര്‍ത്തിച്ചിരുന്നു. 1998-ലാണ് ആൻസ്ലോം സോളോ സംഗീതയാത്ര ആരംഭിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് പാപ്യുവ ന്യൂ ഗിനിയിലെ പഠനകാലത്തുതന്നെ തദ്ദേശിയബാന്ഡുകളായ ബരികെ ബാന്‍ഡ്, കുവകുംബ റട്ട്സ് തുടങ്ങിയവയോടൊപ്പം പ്രവര്‍ത്തിച്ചുതുടങ്ങിയതാണ്.
ഗായകനും പാട്ടെഴുത്തുകാരനുമാണ് അമേരിക്കയിലെ സിയാറ്റിലില്നിന്നുള്ള സാമി ഷോഫി. എത്തിയതിനു പിന്നാലെ, ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിനായി തിരുവനന്തപുരത്ത് എത്തിയെന്നും ഹോട്ടല്മുറിക്കുപുറത്ത് സ്വര്‍ഗത്തിന്റെ ഒരു ഭാഗം കാണാമെന്നും കോവളം ബീച്ചിന്റെ ചിത്രം പങ്കുവച്ചു ഷോഫി ട്വിറ്റ് ചെയ്തു. അമേരിക്കയിലെ ജനപ്രിയ ഹാർഡ് റോക്ക് ഗായകനായ ഷോഫി ബ്രസീല്‍ പര്യടനം പൂര്‍ത്തിയാക്കിയതിനു തൊട്ടു പിന്നാലെയാണ് ഐഐഎംഎഫിനായി കേരളത്തിൽ എത്തിയത്.
‘എക്സ്ട്രാഓര്‍ഡിനറി വേള്‍ഡ്’ എന്ന ആദ്യ സോളോ ആല്‍ബം ആറു രാജ്യങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടു കഥ പറയുന്നതാണ്. യുഎസ്എ, ബ്രസീല്‍, കമ്പോഡിയ, അര്‍മേനിയ, ഇന്ത്യ, ജപ്പാന്, ഫിലിപ്പീന്‍സ് എന്നിവടങ്ങളില്‍ ഷോഫിയും അദ്ദേഹത്തിന്റെ ബാന്‍ഡ് ബ്ലൂ ഹെലിക്സും പര്യടനം നടത്തിയിട്ടുണ്ട്. ഷോഫിയുടെ ‘ദിസ് മെജസ്റ്റി’, ‘ഡേര്‍ട്ടി യുവര്‍ സോള്‍’ എന്നീ മ്യൂസിക് വീഡിയോകള്‍ ഇന്ത്യയിലാണ് ചിത്രീകരിച്ചത്.
പ്രശസ്ത യുകെ ഗായകന് വില്‍ ജോണ്‍സും ഇറ്റാലിയന്‍ ബാൻഡായ റോക് ഫ്ലവേഴ്സും നാളെ (നവംബര്‍ 08, ചൊവ്വ) തിരുവനന്തപുരത്ത് എത്തും. റോക് സംഗീഹേതിഹാസം എറിക് ക്ലാപ്റ്റണിൻ്റെ അനന്തരവനാണു വിൽ ജോൺസ്. ഇവർക്കു പുറമെ, ബ്രിട്ടിഷ് ബാൻഡായ റെയ്ൻ (Rane), മലേഷ്യയിൽനിന്നു ലീയ മീറ്റ (Lyia Meta), സിംഗപ്പൂരിൽനിന്നു രുദ്ര (Rudra) തുടങ്ങിയവരാണു സംഗീതമൊരുക്കാൻ രാജ്യത്തിനു പുറത്തുനിന്ന് എത്തുന്നത്.
ഐഐഎംഎഫിൽ പ്രകടനം കാഴ്ചവയ്ക്കുന്ന ഇൻഡ്യൻ ബാൻഡുകൾ മുംബൈയിലെ ഷെറീസ് (Sherise), ആർക്ലിഫ് (RCliff), വെൻ ചായ് മെറ്റ് ടോസ്റ്റ് (When Chai Met Toast), ഹരീഷ് ശിവരാമകൃഷ്ണൻ്റെ അഗം (Agam), സ്ക്രീൻ 6 (Skreen 6), സിത്താര കൃഷ്ണകുമാറിൻ്റെ പ്രൊജക്ട് മലബാറിക്കസ് (Project Malabaricus), ഊരാളി (Oorali), ജോബ് കുര്യൻ (Job Kurian), കെയോസ് (Chaos), ലേസീ ജേ (Lazie J), ചന്ദന രാജേഷ് (Chandana Rajesh), താമരശേരി ചുരം (Thamarassey Churam), ഇന്നർ സാങ്റ്റം (Inner Sanctum), ദേവൻ ഏകാംബരം (Devan Ekambaram) എന്നിവയാണ്.
കേരള ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജും ലേസീ ഇന്‍ഡീ മാഗസീനും സംയുക്തമായി സംഘടിപിക്കുന്ന ഫെസ്റ്റിവല്‍ നവംബർ 13 വരെയാണ്. ദിവസവും നാലും അഞ്ചും ബാൻഡുകളുടെ കലാപ്രകടനം നടക്കുന്ന ഐഐഎംഎഫ് വിവിധ സംസ്ക്കാരങ്ങളുടെയും സംഗീതങ്ങളുടെയും സംഗമവേദിയാണ്. ഇത്രയേറെ ഷോണറുകളിൽപ്പെട്ട ഇൻഡീ സംഗീതം അവതരിപ്പിക്കപ്പെടുന്ന വേറെ റോക്ക് മേള ലോകത്ത് ഇല്ല.