ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ ബാങ്ക് അക്കൗണ്ട് തട്ടിപ്പുകളും കൂടിവരികയാണ്. ഓൺലൈൻ തട്ടിപ്പിലൂടെ ചെറിയ തുക മുതൽ വൻ തുക വരെ നഷ്ടപ്പെട്ടവർ നിരവധിയാണ്. ബാങ്കിലും പൊലീസിലും പരാതി നൽകിയിട്ടും പണം തിരിച്ചുകിട്ടാത്തവരാണ് ഏറെയും. തട്ടിപ്പുകാർ വിദഗ്ധമായ രീതിയിൽ പണം കവരുന്നത് കൊണ്ടാണിത്.
അതേസമയം ബാങ്കിൽ നിക്ഷേപിക്കുന്ന പണം സംരക്ഷിക്കേണ്ടത് ആരുടെ ചുമതലയാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്. നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. വളരെ പ്രധാനപ്പെട്ട കാര്യമാണ് അതിൽ പങ്കുവെച്ചിരിക്കുന്നത്. ഒരാളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണത്തിന്റെ സുരക്ഷ ബാങ്കിന്റെ ഉത്തരവാദിത്തമാണെന്ന് നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എൻസിഐബി) പോസ്റ്റിൽ പറഞ്ഞു.
അക്കൗണ്ടിൽ നിന്ന് പണം തട്ടിപ്പിലൂടെ പിൻവലിച്ചാൽ അത് ബാങ്ക് തിരിച്ച് നൽകേണ്ടിവരുമെന്നും ട്വീറ്റിൽ പറയുന്നു. ദേശീയ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച്, അക്കൗണ്ടിൽ നിന്ന് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാൽ, ബാങ്കാണ് ഉത്തരവാദിയെന്നും ഉപഭോക്താവല്ലെന്നും എൻസിഐബി വ്യക്തമാക്കി.