IndiaNEWS

എ.എ.പിക്ക് കോടികള്‍ നല്‍കിയെന്ന് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി സുകാഷ്; തള്ളി കേജ്രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) കോടിക്കണക്കിനു രൂപ കൈക്കൂലു നല്‍കിയെന്ന സാമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യപ്രതി സുകാഷ് ചന്ദ്രശേഖറിന്റെ അവകാശവാദം തള്ളി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. തന്റെ സുരക്ഷയ്ക്കായി മന്ത്രി സത്യേന്ദര്‍ ജെയിന് 10 കോടി രൂപ ഉള്‍പ്പെടെ എ.എ.പിക്കു പണം നല്‍കിയെന്നായിരുന്നു സുകാഷിന്റെ വാദം. ഇത് ഏറ്റെടുത്ത ബി.ജെ.പി, എഎപി ‘തട്ടിപ്പ് പാര്‍ട്ടി’ ആണെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ തെറ്റാണെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍നിന്നും മോര്‍ബി തൂക്കുപാലം ദുരന്തത്തില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും കേജ്രിവാള്‍ പറഞ്ഞു. മലയാളം നടിയും നിരവധി കേസുകളില്‍ പ്രതിയുമായ ലീനാ മരിയാ പോളിന്‍െ്‌റ ഭര്‍ത്താവാണ് സുകാഷ്.

”ഇതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളാണ്. മോര്‍ബിയില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി അവര്‍ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ക്ക് ഒന്നും ചെയ്യേണ്ടിവന്നില്ല. ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഇത്തവണ ആം ആദ്മി പാര്‍ട്ടി കാരണം അവര്‍ ബുദ്ധിമുട്ടുകയാണ്. സത്യേന്ദര്‍ ജെയിനിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഒരു തട്ടിപ്പുകാരനെ ഉപയോഗിച്ച അവര്‍ നിരാശരാണ്.” കേജ്രിവാള്‍ പറഞ്ഞു. മനീഷ് സിസോദിയയെ മദ്യ കുംഭകോണം ആരോപിച്ച് കുടുക്കാനും ശ്രമിച്ചെന്നും കേജ്രിവാള്‍ ആരോപിച്ചു.

Signature-ad

സുകാഷ് ചന്ദ്രശേഖര്‍ ആം ആദ്മി പാര്‍ട്ടിക്ക് 60 കോടി രൂപ നല്‍കിയെന്നും രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്യുന്നതിന് 50 കോടി രൂപ നല്‍കിയെന്നും ബി.ജെ.പി ആരോപിച്ചു. ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയ്ക്കു സുകാഷ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബി.ജെ.പി ആരോപണം. ജയിലില്‍ വച്ച് തന്നെ കഠിനമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും സുരക്ഷയ്ക്കായി സത്യേന്ദര്‍ ജെയിന് പണം നല്‍കിയെന്നുമാണ് സുകാഷ് ലഫ്.ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞത്.

ഉന്നത വ്യക്തികളില്‍നിന്നു പണം തട്ടിയ കേസില്‍ 2017 മുതല്‍ സുകാഷ് ചന്ദ്രശേഖര്‍ ജയിലിലാണ്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സത്യേന്ദര്‍ ജെയിന്‍ മേയ് മുതല്‍ ജയിലിലാണ്. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുകാഷിന്റെ കത്തിന്റെ പേരില്‍ എ.എ.പി-ബി.ജെ.പി വാക്പോര് വീണ്ടും രൂക്ഷമായിരിക്കുകയാണ്.

 

 

 

 

 

 

Back to top button
error: