തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരേ കൈകോര്‍ത്ത് സിപിഎമ്മും ബിജെപിയും. തുറമുഖത്തിന് അനുകൂലമായ സമരവേദിയില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനാവൂര്‍ നാഗപ്പനും ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും ഒരുമിച്ചെത്തി. തുറമുഖ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്തിയിരുന്നു. ഈ വേദിയിലാണ് ഇരു നേതാക്കളും ഒരുമിച്ചെത്തിയത്.
അതിനിടെ, വിഴിഞ്ഞം സമരസമിതി കലാപത്തിനു കോപ്പു കൂട്ടുകയാണെന്ന ഗുരുതര ആരോപണവുമായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് രംഗത്തെത്തി. പൊലീസിനു നേരെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നതായും മന്ത്രി ആരോപിച്ചു.
ചികിത്സയില്‍ കഴിയുന്ന മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യത്തെ സമരത്തിലേക്കു വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സമരസമിതിക്കാണെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.
അതേസമയം, വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നില്‍ മന്ത്രി ആന്റണി രാജുവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഇന്നലെ ആരോപിച്ചിരുന്നു. ”വിഴിഞ്ഞം തുറമുഖ സമരത്തിന് നേതൃത്വം നല്‍കുന്നതിന് പിന്നില്‍ കൂടംകുളം ആണവ നിലയത്തിന് എതിരെ സമരം നടത്തിയ അതേ ശക്തികള്‍ തന്നെയാണ്. ഇതിനായി വിദേശ ഫണ്ട് ചില ആളുകള്‍ക്ക് വന്നിരിക്കുകയാണ്. മന്ത്രി ആന്റണി രാജുവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് ആണ് വിദേശത്ത് നിന്ന് ഫണ്ട് എത്തിയത്. ആന്റണി രാജുവും കുടുംബാംഗങ്ങളും ആണ് ഈ സമരത്തിന് പിന്നില്‍. അവരുമായി ബന്ധപ്പെട്ടവര്‍ക്കാണ് വിദേശത്ത് നിന്ന് സഹായം എത്തിയത്’ ഇതായിരുന്നു സുരേന്ദ്രന്റെ വാക്കുകള്‍.