Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

‘തല’ എപ്പോഴും ‘തലൈവര്‍’; ക്യാമറമാന്‍ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെ ചേര്‍ത്തുപിടിച്ച് ധോണി; മറുപടി വൈറല്‍

ധോണിയുടെ വിഡിയോ എടുക്കുന്നതിനായി ചെന്നൈ സൂപ്പര്‍ കിങ്സ് സപ്പോര്‍ട്ടിങ് സ്റ്റാഫിനോട് മാറിനില്‍ക്കാന്‍ പറഞ്ഞ ക്യാമറാമാന് ഗംഭീര മറുപടി നല്‍കി താരം. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളായ മഹേന്ദ്രസിങ് ധോണിയെ എന്തുകൊണ്ട് ‘തല’എന്ന് വിശേഷിപ്പിക്കപ്പെടുന്നു എന്ന ചോദ്യത്തിനുത്തരം കൂടിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വിഡിയോ.

ധോണിയെ മാത്രം ഫ്രെയിമില്‍ കിട്ടാനായി കൂടെ നടന്ന സപ്പോര്‍ട്ടിങ് സ്റ്റാഫിനോട് അല്‍പമൊന്നു മാറി നില്‍ക്കാനായി ക്യാമറാമാന്‍ പറഞ്ഞു. ക്യാമറാമാനെ തിരിഞ്ഞു നോക്കിയ ശേഷം ഇയാള്‍ ധോണിക്കരികില്‍ നിന്നും മാറി നടക്കുന്നു. എന്നാല്‍ തിരിഞ്ഞുപോലും നോക്കാതെ സംഗതി മനസിലാക്കിയ താരമാകട്ടേ സ്റ്റാഫിനോട് കൂടെ ചേര്‍ന്നു നടക്കാന്‍ ആംഗ്യം കാണിച്ച് ചേര്‍ത്തുപിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

Signature-ad

ജീവനക്കാരന്റെ തോളില്‍ കയ്യിട്ട് ഒന്നിച്ചു നടക്കുന്ന ഇരുവരുടേയും വിഡിയോ ക്യാമറാമാന്‍ പകര്‍ത്തി. ഹൃദ്യമായ ഈ വിഡിയോ ക്യാപ്റ്റന്‍ കൂളിന്റെ കൂള്‍ മനോഭാവത്തെ കൂടിയാണ് കാണിക്കുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം. മുന്‍ സിഎസ്കെ ക്യാപ്റ്റന്‍ ഗ്രൗണ്ട് സ്റ്റാഫുമായി സൗഹൃദത്തോടെ പെരുമാറുന്ന നിരവധി ദൃശ്യങ്ങള്‍ നേരത്തേയും പുറത്തുവന്നിട്ടുണ്ട്.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ സിഎസ്‌കെയുടെ മത്സരത്തിന് മുന്നോടിയായും ധോണി ഗ്രൗണ്ട് ജീവനക്കാരുമായി സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ടീമിന്റേയും മത്സരത്തിന്റേയും അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ വിനയം ഇതിനു മുന്‍പും സിഎസ്കെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. പരിശീലനത്തിനിടെ സംഭവിച്ച പേശീവേദനയെത്തുടര്‍ന്ന് ഇത്തവണ ഇതുവരെ ഐപിഎല്ലില്‍ താരം മത്സരത്തിനിറങ്ങിയിട്ടില്ല. നല്ല ഫോമിലാണെന്ന് തെളിയിക്കുന്ന വിഡിയോ സിഎസ്കെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

ഹൈദരാബാദിനെതിരായ മത്സരത്തിനു മുന്‍പാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്. പരിശീലനം നടത്തുന്നുണ്ടെങ്കിലും ഏപ്രിൽ 23-ന് വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ധോണി ഇറങ്ങുമോയെന്ന കാര്യത്തില്‍ നിലവില്‍ അവ്യക്തത തുടരുകയാണ്.

ഐപിഎല്ലിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായാണ് ധോണിയെ കണക്കാക്കുന്നത്. 278 മത്സരങ്ങളില്‍ നിന്നായി 5439 റൺസ് താരം നേടിയിട്ടുണ്ട്. പുറത്താകാതെ നേടിയ 84 റൺസാണ് തലയുടെ ഉയർന്ന സ്കോർ. 24 അർദ്ധ സെഞ്ചുറികൾ നേടിയ ധോണി ടൂർണമെന്റിലെ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: