
തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് കോൺഗ്രസ് രംഗത്ത്. വനിതാ സംവരണ ബില്ലിനെ കുറിച്ച് ശനിയാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് പരാതി.
ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ അനിൽ അക്കര കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. പെരുമാറ്റച്ചട്ടം നിലവിലുള്ള സമയത്ത് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തിയെന്നാണ് ആരോപണം.
ദൂരദർശൻ വഴി നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചുവെന്നും പരാതിയിൽ പറയുന്നു. ഔദ്യോഗിക വേദി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചതായും കോൺഗ്രസ് ആരോപിക്കുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇതേ വിമർശനം ഉന്നയിച്ചു.
പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കോൺഗ്രസിനെ പലവട്ടം പരാമർശിച്ചെങ്കിലും സ്ത്രീകളുടെ വിഷയങ്ങളിൽ കാര്യമായ ശ്രദ്ധ നൽകിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും അവർ ആവർത്തിക്കുന്നു.





