ചെന്നൈയുടെ കിംഗ് ആകുമെന്ന് കരുതി; പരാജയകാരണം സഞ്ജു? ‘പഴയ ഫ്രീ ഫ്‌ളോയിംഗ് ശൈലിയിലേക്ക് തിരിച്ചു പോകണം, സാഹചര്യത്തിന് അനുസരിച്ചു കളിക്കാനുള്ള ശ്രമം ആത്മവിശ്വാസത്തെ ബാധിച്ചു’

ചെന്നൈയുടെ കിങ് ആകുമെന്ന് കരുതിയ സഞ്ജു ഉള്‍പ്പെടെയുള്ളവരുടെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഒരു പരാജയം കൂടി നേരിട്ടതോടെ താരത്തിനെതിരെ വീണ്ടും വിമര്‍ശനം. ടി20 ലോകകപ്പിന്റെ താരമായി തിളങ്ങിയ സഞ്ജു ഐപിഎല്ലിലേക്ക് എത്തിയപ്പോള്‍ ചെന്നൈ ആരാധകരെ തീര്‍ത്തും നിരാശരാക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. വലിയ പ്രതീക്ഷയോടെയാണ് സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിന് ഹൈദരാബാദിലെത്തിയതെങ്കിലും മത്സരഗതിയില്‍ ഒരു മാറ്റവുമുണ്ടാക്കാന്‍ താരത്തിനോ ടീമിനോ സാധിച്ചില്ല.
ടീമിന്റെ പരാജയത്തില്‍ സഞ്ജുവിനെ മാത്രം പഴിക്കുന്നതില്‍ കാര്യമില്ലെന്ന് പറയാമെങ്കിലും സഞ്ജു ഒരു പ്രധാന കാരണക്കാരനാണെന്ന തരത്തിലാണ് ഐപിഎല്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിൽ സഞ്ജുവിന്റെ പങ്കും അനുഭവപരിചയവും കണക്കിലെടുക്കുമ്പോൾ ഈ പരാജയത്തിൽ സഞ്ജുവിന് പങ്കുണ്ടെന്ന് പറയാതെ വയ്യ. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡുകളിൽ ഒന്നായാണ് സഞ്ജുവിന്റെ ചെന്നൈ പ്രവേശനത്തേയും രവീന്ദ്ര ജഡേജയുടേയും സാം കറന്റേയും രാജസ്ഥാന്‍ റോയല്‍സ് പ്രവേശനത്തേയും ക്രിക്കറ്റ് നിരീക്ഷകര്‍ കാണുന്നത്.
എന്നാൽ മുൻ രാജസ്ഥാൻ നായകനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ അത്ര അനുകൂലമായല്ല നീങ്ങുന്നതെന്ന് വ്യക്തം. കരിയറിലെ വെല്ലുവിളി നിറഞ്ഞ ഒരു ഘട്ടത്തിലൂടെയാണ് സഞ്ജു കടന്നുപോകുന്നത്. താരത്തിന്റെ സ്ഥിരതയില്ലായ്മ ലോകകപ്പിനു മുന്‍പായുള്ള ന്യൂസിലന്‍ഡ് പര്യടനത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്ലയിങ് ഇലവനില്‍ നിന്നുപോലും താരം മാറ്റിനിര്‍ത്തപ്പെട്ടത്. എന്നാല്‍ സിംബാബ്‌വേയ്ക്കെതിരായ ഉശിരന്‍ പ്രകടനത്തിലൂടെ താരം സ്ഥാനം ഉറപ്പാക്കി.
തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരേയും , സെമിയിലും ഫൈനലിലും തകര്‍ത്തു വാരി. ഇതോടെ പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റുമായി. അതോടെ സഞ്ജു തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയെന്നും ഓപ്പണര്‍ എന്ന സ്ഥാനം ടീമില്‍ നിലനിര്‍ത്തിയെന്നും തോന്നിപ്പിച്ചു. എന്നാല്‍ ഇന്നലത്തെ മത്സരം നോക്കിയാല്‍ താരം വീണ്ടും മോശം ഫോമിലൂടെ കടന്നുപോവുകയാണ്.സിഎസ്കെയ്ക്കായി ഒട്ടും സ്ഥിരതയില്ലാത്ത പ്രകടനമാണ് സഞ്ജു നടത്തുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പുറത്താകാതെ നിന്നു നേടിയ 115 റണ്‍സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നേടിയ 48 റൺസുമാണ് സീസണിലെ മികച്ച പ്രകടനങ്ങൾ.
സൺറൈസേഴ്സിനെതിരെ ഇതേ ഫോം തുടരുമെന്ന് ആരാധകർ പ്രതീക്ഷിച്ചെങ്കിലും നിരാശപ്പെടുത്തി. ഇന്നലെ ഹൈദരാബാദിനെതിര ആദ്യപന്തില്‍ തന്നെ സിക്സറടിച്ചാണ് സഞ്ജു തുടങ്ങിയത്. തുടര്‍ന്ന് നേരിട്ട മൂന്ന-ാം പന്തില്‍ 7 റണ്‍സ് മാത്രം നേടി രണ്ടാം ഓവറില്‍ താരം പുറത്തായി. രാജസ്ഥാന്‍ ടീമിൽ കളിക്കുമ്പോൾ സഞ്ജുവിന് ലഭിച്ചിരുന്ന സ്വാതന്ത്ര്യം അദ്ദേഹത്തിന്റെ സ്വാഭാവിക ശൈലിക്ക് അനുയോജ്യമായിരുന്നു. എന്നാൽ ചെന്നൈ ടീമിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ, സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള ശ്രമം ആത്മവിശ്വാസത്തെ ബാധിച്ചതായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്നിങ്സിന്റെ തുടക്കത്തിൽ അമിതമായി ശ്രദ്ധിക്കാൻ ശ്രമിക്കുന്നതാണ് സഞ്ജുവിന്റെ താളം തെറ്റിക്കുന്നതെന്നും കൂടുതല്‍ ചിന്തിച്ചു കളിക്കാതെ സഞ്ജു പഴയ ഫ്രീ ഫ്ലോയിങ് ശൈലിയിലേക്ക് പോയാല്‍ മാത്രമേ ഫോം തിരിച്ചുപിടിക്കാനാകൂവെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത്.
#SanjuSamson, #CSK, #IPL2026, #ChennaiSuperKings, #SanjuSamsonCSK, #CricketNews, #IPLUpdates, #IPL2026Predictions, #SanjuSamsonFans, #CricketMalayalam, #SportsNews #SunrisersHyderabad, #SRHvCSK, #T20WorldCupChampion, #SanjuForm, #IPLTrade, #CricketExpert, #YellowArmy, #WhistlePodu, #IndianCricket, #MalayaliCricket #SanjuSamsonLatest, #IPLNewsMalayalam, #SanjuSamsonTrolls, #CSKvsSRH, #IPLHighlights, #CricketAnalysis, #SanjuSamsonOut, #SanjuSamsonBatting





